കോട്ടയത്ത് ഏഴ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ
|കഴിഞ്ഞമാസം 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ഏഴ് പേരെ കടിച്ചത്.
കോട്ടയം: ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞമാസം 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ഏഴ് പേരെ കടിച്ചത്. ആക്രമണത്തിന് പിന്നാലെ നഗരസഭ അധികൃതരെത്തി നായയെ പിടികൂടി. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു. പിന്നാലെ നായയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. ഇതോടൊപ്പം നടത്തിയ പരിശോധനയിലാണ് പേവിഷബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
28ന് വൈകിട്ട് നാലരയോടെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്ത് നിന്ന വഴിയാത്രക്കാരെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥി എബിന്‍ ജോര്‍ജ്, ബിജുകുമാര്‍, റോബിന്‍, വിജയലക്ഷ്മി, സിജു, ഷൈജു, അജിത്ത് എന്നിവര്‍ക്കാണ് കടിയേറ്റത്. ഉടന്‍ തന്നെ ഇവരെ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
ആക്രമണത്തിനു പിന്നാലെ ഏറ്റുമാനൂർ നഗരസഭയുടെ പരിധിയിലുള്ള തെരുവുനായകൾക്കടക്കം പേവിഷബാധ കുത്തിവെപ്പ് നടത്തിയിരുന്നു. അന്നു തന്നെ നായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നത് കൊണ്ട്, കടിയേറ്റ വ്യക്തികൾക്ക് പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പും നൽകിയിരുന്നു.