'നായയെ കെട്ടിവലിച്ചിട്ടില്ല, ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണ്' വിശദീകരണവുമായി കുറ്റാരോപിതന്
|നായയെ കെട്ടിവലിച്ചിട്ടില്ലെന്നും ഉപേക്ഷിക്കാനായി സ്കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്നു എന്നുമാണ് ഇയാള്‍ പൊലീസിനോട് വിശദീകരിച്ചത്. പക്ഷേ സാക്ഷിമൊഴികളും വീഡിയോ തെളിവുകളും ഇയാള്‍ക്കെതിരാണ്.
മലപ്പുറം എടക്കരയില്‍ നായയെ കെട്ടിവലിച്ചസംഭവത്തില് വിശദീകരണവുമായി കുറ്റാരോപിതന്. വീട്ടില്‍ സ്ഥിരമായെത്തുന്ന തെരുവ് നായയുടെ ശല്യം സഹിക്കവയ്യാതെ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിശദീകരണം. എടക്കര കരുനെച്ചി സ്വദേശിയായ സേവ്യറിനെയാണ് സ്കൂട്ടറിന് പിന്നില്‍ നായയെ കെട്ടി വലിച്ച് കൊണ്ടു പോകുന്നത് കണ്ട് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ നായയെ കെട്ടിവലിച്ചിട്ടില്ലെന്നും ഉപേക്ഷിക്കാനായി സ്കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്നു എന്നുമാണ് ഇയാള്‍ പൊലീസിനോട് വിശദീകരിച്ചത്. പക്ഷേ സാക്ഷിമൊഴികളും വീഡിയോ തെളിവുകളും ഇയാള്‍ക്കെതിരാണ്. സ്കൂട്ടറിന് പിന്നില്‍ നായയെ കെട്ടി വലിച്ച് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പകര്‍ത്തിയിട്ടുണ്ട്.
ഓടുന്ന ബൈക്കിന് പിന്നില്‍ നായയെ കെട്ടിവലിച്ചു; മിണ്ടാപ്രാണിയോട് കൊടും ക്രൂരതഓടുന്ന ബൈക്കിന് പിന്നില്‍ നായയെ കെട്ടിവലിച്ചു; മിണ്ടാപ്രാണിയോട് കൊടും ക്രൂരത
Posted by MediaoneTV on Saturday, April 17, 2021
നായയെ ക്രൂരമായി കെട്ടിവലിച്ച് കൊണ്ടുപോകുന്നത് കണ്ടതിനെത്തുടര്‍ന്ന് രണ്ട് തവണ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ആദ്യം വണ്ടി നിര്‍ത്താന്‍ സേവ്യര്‍ തയ്യാറായിരുന്നില്ല. പിന്നീട് മൂന്നാം തവണയാണ് നാട്ടുകാർ സംഘടിച്ചെത്തി വാഹനം തടഞ്ഞ് നിർത്തിയത്. പിന്നീട് ആളുകള്‍ പ്രശ്നമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഇയാള്‍ നായയുടെ കെട്ടഴിക്കുകയായിരുന്നു. നായയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കാലുകള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നായ ഇപ്പോള്‍ എമര്‍ജന്‍സി റെസ്ക്യു ഫോഴ്സിന്റെ പക്കലാണ്. ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും നായ സുരക്ഷിതമായിരിക്കുന്നുവെന്നും ഫോഴ്സ് അറിയിച്ചു.
മുന്‍പ് എറണാകുളം അങ്കമാലിയിലും ഇതിന് സമാനമായയ സംഭവം ഉണ്ടായിരുന്നു. കഴുത്തിൽ കുരുക്ക് ഇട്ട ശേഷം ഓടുന്ന കാറില്‍ കെട്ടി വലിച്ചു കൊണ്ടു പോയാണ് ഡ്രൈവര്‍ അന്ന് നായയോട് ക്രൂരത കാട്ടിയത്. അതിനെരെ സംസ്ഥാന വ്യാപകമായി വലിയ തരത്തിലാണ് അന്ന് പ്രതിഷേധം ഉയര്‍ന്നത്.