ഡോളർകടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ല, ഹരജി തള്ളി
|എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ നൽകിയ ഹരജിയാണ് തള്ളിയത്.
കൊച്ചി: ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ നൽകിയ ഹരജിയാണ് തള്ളിയത്.
സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാൽ ഹരജിക്കാരിന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് നിരീക്ഷിച്ച കോടതി അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നത് എന്നതിനുള്ള തെളിവ് ഹാജരാക്കാൻ ഹരജിക്കാരന് സാധിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ബെച്ചു കുര്യനാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഹരജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരി വയ്ക്കുകയും ചെയ്തു. സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2016ലെ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കറൻസി കടത്തിയെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. ഇതിനെത്തുടർന്നാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അജി കൃഷ്ണൻ ഹരജി സമർപ്പിച്ചത്. അതിഥികൾക്കുള്ള ഉപഹാരങ്ങളടങ്ങിയ ബാഗ് ആണ് കൊണ്ടുപോയതെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ മൊഴി