ഭർതൃഗൃഹത്തിൽ യുവതിക്ക് പൊള്ളലേറ്റ സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷൻ
|മീഡിയവൺ വാർത്തയെ തുടർന്നാണ് വനിതാ കമ്മീഷൻ ഇടപെടൽ
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഭർതൃഗൃഹത്തിൽ യുവതിക്ക് പൊള്ളലേറ്റ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെടും. സംഭവത്തിൽ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടും. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. മീഡിയവൺ വാർത്തയെ തുടർന്നാണ് വനിതാ കമ്മീഷൻ ഇടപെടൽ ഉണ്ടായത്.
ഭർതൃമാതാവ് യുവതിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിക്കുകയായിരുന്നെന്നും പൊള്ളലേറ്റ് അവശനിലയിൽ ആയിട്ടും ഭർത്താവിന്റെ വീട്ടുകാർ തിരിഞ്ഞു നോക്കിയില്ലെന്നും യുവതിയുടെ സഹോദരൻ മീഡിയവണിനോട് പറഞ്ഞിരുന്നു. പള്ളി കമ്മിറ്റിയിൽ ഭർത്താവിന്റെ കുടുംബത്തെ അപമാനിച്ചു എന്ന് പറഞ്ഞായിരുന്നു ആക്രമണം. പൊള്ളലേറ്റ യുവതിയെ ഭർതൃവീട്ടുകാർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് വാർഡ് അംഗവും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റിരുന്നു. നിരന്തരമായ ആക്രമണം ഭർത്താവിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും യുവതി പറയുന്നു. തുടർന്ന് പഠിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞായിരുന്നു കല്യാണം കഴിച്ചത്. എന്നാൽ പിന്നീട് ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഭർത്താവും വീട്ടുകാരും മർദിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.കല്യാണത്തിന് അണിഞ്ഞിരുന്ന 100 പവൻ സ്വർണവും ഭർത്താവിന്റെ വീട്ടുകാർ വാങ്ങിവെച്ചെന്നും സ്വർണം ആവശ്യപ്പെട്ടപ്പോഴും മർദിച്ചിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്.