ഉമ തോമസിന്റെ സ്ഥാനാർഥിത്വം: ആദ്യം ഇടഞ്ഞ് ഡൊമനിക് പ്രസന്റേഷൻ; പിന്നാലെ അനുനയം- ഒടുവിൽ തീരുമാനം
|സഹതാപതരംഗം മണ്ഡലത്തിൽ വിലപ്പോവില്ലെന്നാണ് മുതിർന്ന നേതാവ് ഡൊമനിക് പ്രസന്റേഷൻ ചൂണ്ടിക്കാട്ടിയത്.
തൃക്കാക്കരയിലെ സ്ഥാനാർഥി സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞുനിന്ന ഡൊമനിക് പ്രസന്റേഷനെ അനുനയിപ്പിച്ച് നേതാക്കൾ. വി.ഡി സതീശനും ഉമ്മൻചാണ്ടിയും എം.എം ഹസ്സനും ഫോണിൽ വിളിച്ച് അനുനയിപ്പിക്കുകയായിരുന്നു.
സഹതാപതരംഗം മണ്ഡലത്തിൽ വിലപ്പോവില്ലെന്നാണ് മുതിർന്ന നേതാവ് ഡൊമനിക് പ്രസൻറേഷൻ ചൂണ്ടിക്കാട്ടിയത്. സാമൂഹ്യ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കണം സ്ഥാനാർഥി നിർണയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒറ്റപ്പേര് മാതൃമാണ് നേതാക്കളുടെ കൂടിയാലോചനക്ക് ശേഷം ഹൈക്കമാൻഡിലേക്ക് അയച്ചതെങ്കിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ 40 പേരുമായി വി.ഡി. സതീശൻ സംസാരിച്ചശേഷമാണ് ഉമാ തോമസിന്റെ പേരിലേക്ക് കോൺഗ്രസ് എത്തിയത്. കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഉമാ തോമസിനെ പിന്തുണച്ചു.
അതേസമയം തൃക്കാക്കരയിൽ ഉമ തോമസ് യു.ഡി.എഫ് സ്ഥാനാർഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെയുണ്ടാകും. ഒറ്റപ്പേരിൽ ധാരണയായെന്നും തീരുമാനം ഹൈക്കമാൻറിനെ അറിയിച്ചെന്നും സ്ഥാനാർഥി നിർണയ ചർച്ചയ്ക്ക് ശേഷം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. പി.ടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ തൃക്കാക്കരയിൽ നിന്ന് ഉമ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. നാളെ മുതൽ തന്നെ യു.ഡി.എഫിൻറെ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും.
പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരു തന്നെയാണ് ആദ്യഘട്ടം മുതൽ തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി യു.ഡി.എഫ് ക്യാമ്പിൽ നിന്നുയർന്നത്. കെ.എസ്.യുവിലൂടെയാണ് ഉമ തോമസ് പൊതുരംഗത്തേക്ക് വരുന്നത്. 1984ൽ മഹാരാജാസ് കോളജിലെ വൈസ് ചെയർപേഴ്സണായിരുന്നു. സഹതാപതരംഗം മണ്ഡലത്തിൽ വോട്ടായി മാറുമെന്ന വിലയിരുത്തലിലാണ് പാർട്ടിയുടെ നീക്കം.