റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണമെന്ന് കടുംപിടിത്തം; പാലിയേക്കര ടോൾ പ്ലാസയില്‍ പ്രദേശവാസികൾക്ക് ഫ്രീ പാസ് ലഭിക്കുന്നില്ലെന്ന് പരാതി
|ആധാർ കാർഡ്, വൈദ്യുതി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി, രസീത് എന്നിവയിൽ ഏതെങ്കിലും റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം ഹാജരാക്കിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്
ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കണമെന്ന സർക്കാർ ഉത്തരവ് അവഗണിച്ച് തൃശൂർ പാലിയേക്കര ടോൾ പ്ലാസ. പ്രദേശവാസികൾക്കുള്ള സൗജന്യ യാത്രാ പാസ് ലഭിക്കാൻ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് തന്നെ വേണമെന്ന കടുംപിടുത്തത്തിലാണ് ടോൾ കമ്പനി. ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർ രേഖാമൂലം അറിയിച്ചിട്ടും കമ്പനി നിഷേധാത്മക നിലപാട് തുടരുകയാണ്.
ആധാർ കാർഡ്, വൈദ്യുതി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി, രസീത് എന്നിവയിൽ ഏതെങ്കിലും റസിഡന്‍സ് സർട്ടിഫിക്കറ്റിന് പകരം ഹാജരാക്കിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ ഉത്തരവ് തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് ടോൾ കമ്പനി. ടോൾപ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥിര താമസക്കാർക്കാണ് ഫ്രീ പാസ് അനുവദിക്കുന്നത്. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഇല്ലാതെ പാസ് പുതുക്കി നൽകില്ലെന്ന് വന്നതോടെ ആളുകൾ ശരിക്കും കുടുങ്ങി. പുതിയ ഉത്തരവ് വന്നതോടെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കി.