ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കരുത് -എ.ഐ.എസ്.എഫ്
|‘സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും’
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും വിദ്യാർഥി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സർവ്വകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്നവർ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഇന്നലെകളിൽ സൃഷ്ടിച്ച ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ മറന്നുപോകരുത്.
കേരളത്തില്‍ സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ മേഖലക്ക് യഥേഷ്ടം കയറിയിറങ്ങാന്‍ വാതില്‍ തുറന്നിട്ടതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച കച്ചവട പ്രവണതയും താൽപര്യങ്ങളും സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കിയപ്പോഴെല്ലാം അതിനെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളാണ് കേരളത്തിൽ ഉയർന്നുവന്നത്.
വിദ്യാഭ്യാസത്തിന്റെ സാമൂഹിക തലത്തെ അപ്രസക്തമാക്കിക്കൊണ്ടും രാഷ്ട്രത്തിന്റെ മനുഷ്യവിഭവശേഷിയുടെ പരിശീലനമോ രൂപപ്പെടുത്തലോ പരിഗണിക്കാതെ കേവല കച്ചവട താൽപര്യം മാത്രം മുൻനിർത്തിക്കൊണ്ടുമുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എ.ഐ.എസ്.എഫ് അറിയിച്ചു.
വിദ്യഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനും വിദേശ നിക്ഷേപത്തിനുമെതിരായ പോരാട്ടങ്ങൾ എ.ഐ.എസ്.എഫിന്റെ എക്കാലത്തെയും സുശക്തമായ നിലപാടാണെന്നും സംസ്ഥാന പ്രസിഡന്റ് ആർ.എസ് രാഹുൽ രാജും സെക്രട്ടറി പി. കബീറും പ്രസ്താവനയിൽ പറഞ്ഞു.