'കയ്യാമങ്ങളും കല്‍തുറുങ്കും കാണിച്ച് സി.പി.എം നേതാക്കളെ ഭയപ്പെടുത്താമെന്ന് കരുതേണ്ട':വി.എൻ വാസവൻ
|അരവിന്ദാക്ഷന്‍റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമാണെന്നും വി.എന്‍.വാസവന്‍ പറഞ്ഞു
തിരുവനന്തപുരം: കയ്യാമങ്ങളും കല്‍തുറുങ്കും കാണിച്ച് സി.പി.എം നേതാക്കളെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് വി.എന്‍ വാസവൻ. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവരാണ് സി.പി.എം നേതാക്കളെന്ന് മന്ത്രി മീഡീയവണിനോട് പറഞ്ഞു. രാഷ്ട്രീയമായി എന്ത് വന്നാലും നേരിടാനുള്ള കരുത്തും തന്റേടവും സി.പി.എം നേതാക്കള്‍ക്കുണ്ട്.
അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമാണെന്നും വി.എന്‍ വാസവന്‍ പറഞ്ഞു. നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും പണം തിരികെ നല്‍കുമെന്നും അതിന്‍റെ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കരുവന്നൂരില്‍ വീഴ്ച ഉണ്ടായെന്നും ഇത് കണ്ടെത്തിയതോടെ നടപടികള് സ്വീകരിച്ചു. 16 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു, ഏഴ് ജീവനക്കാരെ ജയിലിടച്ചു, ഭരണസമിതി പിരിച്ച് വിട്ടു. സംഭവത്തിൽ സര്‍ക്കാർ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.