വിലക്കയറ്റം മറച്ചുപിടിക്കാൻ നോക്കേണ്ട; സഭയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷം
|സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ടി.വി. ഇബ്രാഹിം ആണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
എന്നാൽ, വിലക്കയറ്റം സംസ്ഥാന സർക്കാർ കൃത്യമായി തന്നെ പിടിച്ചുനിർത്തിയെന്നായിരുന്നു ആദ്യ ഘട്ടത്തിൽ തന്നെ ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിലിന്റെ അവകാശവാദം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കയറ്റം കുറവാണ്. ഇതിനിടെ പച്ചക്കറി വിലയെ കുറിച്ച് പ്രതിപക്ഷത്തിന് എന്തറിയാമെന്ന് മന്ത്രി ചോദിച്ചതോടെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. എന്നാൽ, യാഥാർഥ്യങ്ങൾ പ്രതിപക്ഷത്തിന് അറിയില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ വിലക്കയറ്റത്തിന്റെ അവസ്ഥയിലേക്ക് എത്തിച്ചത് കോൺഗ്രസ് ആണെന്നും മന്ത്രി ആരോപിച്ചു. ഇതിനെതിരെ തുറന്നടിച്ച ടിവി ഇബ്രാഹിം വിലക്കയറ്റം വാസ്തവമാണെന്നും അത് മറച്ചുപിടിക്കാൻ സർക്കാർ ശ്രമിക്കേണ്ടതില്ലെന്നും പറഞ്ഞു.