Kerala
Dr Gopinath Ravindran says he accepts the Supreme Courts verdict canceling his Kannur VC re-appointment, Dr Gopinath Ravindran on Supreme Courts verdict

ഡോ. ഗോപിനാഥ് രവീന്ദ്രന്‍

Kerala

റിവ്യൂ ഹരജിക്കില്ല; ജാമിഅ മില്ലിയ്യയിലേക്കു മടങ്ങുന്നു-ഡോ. ഗോപിനാഥ് രവീന്ദ്രന്‍

Web Desk
|
30 Nov 2023 7:07 AM GMT

കോടതിവിധിക്കു പിന്നാലെ കണ്ണൂർ സർവകലാശാല രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗവും ഗോപിനാഥിനെ സന്ദര്‍ശിച്ചു

കണ്ണൂര്‍: വി.സി പുനര്‍നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. താന്‍ ആവശ്യപ്പെട്ടല്ല നിയമനം നടത്തിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. നിയമനം രാഷ്ട്രീയ പ്രത്യുപകാരമാണെന്ന വാദം തെറ്റാണെന്നും ഗോപിനാഥ് വ്യക്തമാക്കി.

കോടതി പുനര്‍നിയമനം റദ്ദാക്കിയ നിലയ്ക്ക് രാജിയുടെ ആവശ്യമില്ലെന്ന് ഗോപിനാഥ് പറഞ്ഞു. ഇക്കാര്യത്തില്‍ പുനഃപരിശോധനാ ഹരജി നല്‍കില്ല. താൻ ആവശ്യപ്പെട്ടിട്ടല്ല പുനർനിയമനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍നിന്ന് അവധി നീട്ടിക്കിട്ടിയിരുന്നു. കുറച്ചുകൂടി സമയമുണ്ട്. പക്ഷെ, വേണ്ട സമയത്ത് പോയി ജോലിയില്‍ തിരിച്ചുകയറാനാകും. നാളെ തന്നെ ഡൽഹിയിലേക്കു മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

''കോടതിവിധിയില്‍ നിരാശയില്ല. കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. പല സർവകലാശാലകളിലും വി.സിമാർക്ക് പുനർനിയമനം നൽകിയ ചരിത്രമുണ്ട്. ഇത് ആദ്യ സംഭവമല്ല. ഇക്കാര്യത്തില്‍ വയസും പുനര്‍നിയമനവുമല്ല പ്രശ്നം. തുടരാൻ എന്നോട് ആവശ്യപ്പെട്ടു. എന്നെ പുനർനിയമിച്ചത് ഞാനല്ല. തീരുമാനങ്ങൾ ഒന്നും എടുത്തത് ഞാനല്ല.''

പുനര്‍നിയമനത്തില്‍ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രത്യുപ്രകാരമെന്ന ആരോപണം ശരിയല്ല. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. അവരുടെ നിയമനം കോടതി തന്നെ അംഗീകരിച്ചു. നിയമനങ്ങളിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കോടതിവിധിക്കു പിന്നാലെ കണ്ണൂർ സർവകലാശാല രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗവും ഗോപിനാഥിനെ സന്ദര്‍ശിച്ചു. യഥാക്രമം ജോബി കെ. ജോസ്, എൻ. സുകന്യ എന്നിവരാണ് ഗോപിനാഥ് രവീന്ദ്രനുമായി അദ്ദേഹത്തിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.

വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല, എന്തുതന്നെയായാലും പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രതികരണം. വിധിപ്പകർപ്പ് കിട്ടിയതിനുശേഷം കൂടുതൽ പ്രതികരിക്കാം. എ.ജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഒരു നിർദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Summary: Dr Gopinath Ravindran says he accepts the Supreme Court's verdict canceling his Kannur VC re-appointment

Similar Posts