സി.എസ്.ഐ ദേവാലയ മുറ്റത്തെ ഈദ്ഗാഹ്: വികാരിക്ക് നന്ദി അറിയിച്ച് ഹുസൈൻ മടവൂർ
|ഈ സഹജീവിതമാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് ഫാദർ ജോയ്
മലപ്പുറം: സംയുക്ത ഈദ്ഗാഹിന് ക്രൈസ്തവ ദേവാലയ മുറ്റത്ത് സ്ഥലമനുവദിച്ച വികാരി ഫാദർ ജോയ് മാസിലാമണിയോടുള്ള കടപ്പാട് രേഖപ്പെടുത്താൻ ഡോ. ഹുസൈൻ മടവൂർ മഞ്ചേരി സി.എസ്.ഐ ചർച്ചിൽ സൗഹൃദ സന്ദർശനം നടത്തി. പി. ഹംസ സുല്ലമി, പി.കെ. ഇസ്മായിൽ എഞ്ചിനീയർ, കെ.എം. ഹുസൈൻ, കെ. ഷുക്കൂർ, മാടായി ലത്വീഫ്, റാഫി എന്നിവരോടൊപ്പമായിരുന്നു അദ്ദേഹം ചർച്ചിൽ എത്തിയത്. ഈ സഹജീവിതമാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് ഫാദർ ജോയ് പറഞ്ഞു.
പെരുന്നാൾ ദിനത്തിൽ തക്ബീർ ധ്വനികളാൽ മുഖരിതമായിരുന്നു മഞ്ചേരി സി.എസ്.ഐ നിക്കോളാസ് മെമ്മോറിയൽ ദേവാലയ മുറ്റം. മഞ്ചേരി സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരത്തേ ചുള്ളക്കാട് യു.പി സ്കൂൾ ഗ്രൗണ്ടിലാണ് ഈദ്ഗാഹ് നടത്താറ്.
ഇത്തവണ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രമായതിനാൽ ഇവിടെ അനുമതി ലഭിച്ചില്ല. തുടർന്നാണ് കമ്മിറ്റി ഭാരവാഹികൾ ചർച്ച് അധികൃതരെ ബന്ധപ്പെടുന്നത്.
മലബാർ മഹാഇടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടറിന്റെ അനുമതിയോടെയാണ് ഫാദർ ജോയ് മാസിലാമണി പള്ളികവാടം പെരുന്നാൾ നമസ്കാരത്തിന് തുറന്നുനൽകിയത്. മതസൗഹാർദത്തിന്റെ വേദിയായി സി.എസ്.ഐ ദേവാലയ മുറ്റം മാറി. സ്ത്രീകളടക്കം നിരവധി പേരാണ് ഈദ്ഗാഹിൽ പങ്കെടുത്തത്. സഅ്ദുദ്ദീൻ സ്വലാഹി നമസ്കാരത്തിന് നേതൃത്വം നൽകി.