മണ്ഡലം പിടിക്കാൻ വീണ്ടും ഡോക്ടറെ വിശ്വസിച്ച് സി.പി.എം; തൃക്കാക്കരയുടെ ഹൃദയം മാറ്റുമോ ജോ ജോസഫ്?
|പഠനകാലത്തോ ശേഷമോ എസ്.എഫ്.ഐയിലോ മറ്റു സി.പി.എം ഘടകങ്ങളിലോ അംഗത്വമോ ഭാരവാഹിത്വമോ ഉള്ളയാളല്ല ജോ ജോസഫ്. എന്നാൽ, എന്നും ഇടതുപക്ഷമാണ് ഹൃദയപക്ഷമെന്നാണ് ഹൃദ്രോഗവിദഗ്ധനായ ജോയ്ക്ക് പറയാനുള്ളത്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തീർത്തും അപ്രതീക്ഷിതമായായിരുന്നു എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. വാർത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം നടന്ന ചർച്ചകളിലൊന്നും ഒരുതരത്തിലും വരാത്ത പേരാണ് ഒടുവിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ പി.ടി തോമസിനെതിരെ ഇറക്കിയ പോലെ ഇത്തവണയും ആരോഗ്യരംഗത്തുനിന്നുള്ള ഒരാളെ അവതരിപ്പിച്ച് മണ്ഡലം പിടിക്കാനാണ് സി.പി.എം തന്ത്രം. പി.ടി തോമസിന്റെ വിയോഗത്തിൽ ഒഴിവുവന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ വിധവ ഉമാ തോമസിനെ ഇറക്കി മണ്ഡലം നിലനിർത്താനുള്ള കോൺഗ്രസ് തന്ത്രത്തെ ഹൃദ്രോഗ വിദഗ്ധനും സാമൂഹികപ്രവർത്തകനുമായ ജോ ജോസഫിനെ ഇറക്കി ബൈപാസ് ചെയ്യാനാണ് എൽ.ഡി.എഫ് പ്ലാന്‍.
ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ വിദഗ്ധന്‍; നിയോഗം മണ്ഡലത്തിന്റെ ഹൃദയം മാറ്റാന്‍
തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ് 43കാരനായ ഡോ. ജോ ജോസഫ്. ഡല്‍ഹിയില്‍ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്നാണ് ബിരുദാനന്തര ബിരുദം നേടുന്നത്. എറണാകുളത്തെ ലിസി ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്നു.
നിരവധി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ 26-ഓളം ഹൃദയമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയയാളാണ് ജോ ജോസഫ്. ചരിത്രം കുറിച്ച വിമാനമാർഗമുള്ള ഹൃദയമാറ്റ ശസ്ത്രക്രിയാ ദൗത്യത്തിന് നേതൃത്വം നൽകിയ പ്രമുഖ ആരോഗ്യ വിദഗ്ധൻ ജോസ് ചാക്കോയുടെ സംഘത്തിൽ ജോ ജോസഫുമുണ്ടായിരുന്നു.
ആരോഗ്യരംഗത്തെ പുരോഗമന ചിന്താഗതിക്കാരുടെ സംഘടനയായ പ്രോഗ്രസീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ എറണാകുളം ജില്ലാ ഘടകത്തിൽ സജീവമാണ്. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ്. ഹാർട്ട് ഫൗണ്ടേഷൻ ട്രസ്റ്റിയായി സാമൂഹിക പ്രവർത്തനരംഗത്തും സജീവമാണ്.
ആനുകാലികങ്ങളിൽ ആരോഗ്യവിഷയങ്ങളിൽ നിരന്തരം എഴുതുന്നുണ്ട് ജോ ജോസഫ്. ഇദ്ദേഹത്തിന്റെ ആരോഗ്യക്കുറിപ്പുകൾ സമാഹരിച്ചുകൊണ്ടുള്ള പുസ്തകം 'ഹൃദയപൂർവം ഡോക്ടർ' അടുത്തിടെയാണ് പുറത്തിറങ്ങിയത്. സ്പീക്കർ എം.ബി രാജേഷായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
ചെങ്കൊടി പിടിച്ചിട്ടില്ലെങ്കിലും പാർട്ടിക്ക് വിശ്വസ്തൻ
പഠനകാലത്തോ ശേഷമോ എസ്.എഫ്.ഐയിലോ മറ്റു സി.പി.എം ഘടകങ്ങളിലോ അംഗത്വമോ ഭാരവാഹിത്വമോ ഉള്ളയാളല്ല ജോ ജോസഫ്. എന്നാൽ, എന്നും ഇടതുപക്ഷമാണ് ഹൃദയപക്ഷമെന്നാണ് ഹൃദ്രോഗവിദഗ്ധനായ ജോയ്ക്ക് പറയാനുള്ളത്. ഇടതുപക്ഷമാണ് ഹൃദയപക്ഷമെന്ന് ഉറച്ചുവിശ്വസിക്കുന്ന ജോയെ അതുകൊണ്ട് സി.പി.എം വിശ്വസിച്ച് പാർട്ടി ചിഹ്നവും അനുവദിച്ചിരിക്കുന്നു. ഒരു തരത്തിലുമുള്ള പാർട്ടി ഭാരവാഹിത്വമില്ലെന്നു മാത്രമല്ല, രാഷ്ട്രീയ രംഗത്ത് പ്രവർത്തന പരിചയവുമില്ല.
എന്നാലും സ്വതന്ത്രനായല്ല, പാർട്ടി സ്ഥാനാർത്ഥിയായി തന്നെ ജോ ജോസഫ് മത്സരിക്കുമെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രഖ്യാപിച്ചത്. ഇടതുപക്ഷക്കാരനാണ് ജോയെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം സജീവമായിരുന്നയാളാണെന്നും മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വേറൊരു പേരും സ്ഥാനാർത്ഥിയായി പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ പി.ടി തോമസിനെ നേരിടാൻ എല്ലുരോഗ വിദഗ്ധനായ ജെ. ജേക്കബിനെയാണ് ഇടതുപക്ഷം നിർത്തിയിരുന്നത്. തെരഞ്ഞെടുപ്പിൽ തോൽവി നേരട്ടെങ്കിലും ഒരിക്കൽകൂടി ആരോഗ്യരംഗത്തുള്ള വിദഗ്ധനെ തന്നെ ഇറക്കി മണ്ഡലത്തിന്റെ മനസിലൊരു അനിവാര്യ സർജറിക്കൊരുങ്ങുകയാണ് ഇടതുപക്ഷം.
അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ക്രൈസ്തവസഭയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇതാണ് പ്രഖ്യാപനം വൈകാൻ കാരണമായതെന്നും ഉന്നയിക്കപ്പെട്ടു. എന്നാൽ, ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളെയും കൺവീനറും ജോ ജോസഫ് തന്നെയും തള്ളിക്കളഞ്ഞു. സഭയുടെ നോമിനിയല്ലെന്നും എന്നാൽ സാമുദായിക സംഘടനളുടെ വോട്ട് വേണ്ടെന്നു പറയില്ലെന്നാണ് അദ്ദേഹം ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
Summary: Thrikkakara bypoll: LDF candidate Dr Joe Joseph profile