Kerala
ഡോ. മേരി ഷൈനിക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി  ഡെഡിക്കേറ്റഡ് ടീച്ചേഴ്സ്  അവാർഡ്
Kerala

ഡോ. മേരി ഷൈനിക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് അവാർഡ്

Web Desk
|
26 May 2022 6:09 AM GMT

113 രാജ്യങ്ങളിൽ നിന്നുള്ള 7000 പേരിൽ നിന്നാണ് ഡോ. മേരി ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്

മലയാളക്കരയുടെ അഭിമാനം വാനോളമുയർത്തിയ തൃശ്ശൂർക്കാരി ഡോ. മേരി ഷൈനിക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസിഡന്‍റിന്‍റെ 2022 ലെ ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് ( യൂറോപ് റീജ്യൻ) അവാർഡ്. 113 രാജ്യങ്ങളിൽ നിന്നുള്ള 7000 പേരിൽ നിന്നാണ് ഡോ. മേരി ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്പ് റീജ്യൻ അവാർഡ് ലഭിക്കുന്ന ആദ്യ ഏഷ്യക്കാരിയാണ്. ഇറ്റലിയുടെ വടക്കൻ പ്രവിശ്യയിലുള്ള ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് സ്‌കൂളിന്‍റെ പ്രിൻസിപ്പാളും കേംബ്രിഡ്ജ് എക്‌സാമിനറും ബ്രിട്ടീഷ് കൗൺസിലിന്‍റെ എജുക്കേഷൻ കൗൺസിലറുമാണ്​ ഈ 37കാരി. പുരസ്‌കാരജേതാവിനുള്ള ട്രോഫി ഇറ്റലിയിൽ പിന്നീട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. നേരത്തെ ബ്രിട്ടീഷ് കൗൺസിലിന്‍റെ അസിസ്റ്റന്‍റ്, അസോസിയേറ്റ്, അഡ്വാൻസ്ഡ് അവാർഡുകളും നേടിയിട്ടുണ്ട്.

ഡോക്ടറേറ്റ്, നാല് ബിരുദാനന്തര ബിരുദങ്ങൾ, രണ്ട് ബിരുദങ്ങൾ, അഞ്ച് ഡിപ്ലോമകൾ എന്നിവക്കൊപ്പം ലോകാരോഗ്യ സംഘടന, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്‌സ് (IEEE) എന്നിവയിൽ നിന്ന് നിരവധി സർട്ടിഫിക്കറ്റുകൾ എന്നിവ നേടിയ ഡോ. മേരി ഷൈനി 2017 ലാണ് സ്‌കൂളിന്റെ പ്രിന്സിപ്പാൾ പദവിയിൽ പ്രവേശിച്ചത്.

യൂറോപ്പിൽ തനതു യൂറോപ്യൻ ഭാഷകളിലുള്ള വിദ്യാഭ്യാസത്തിനാണ് മുൻഗണന എന്നതിനാൽ, ഇറ്റലിയിലെ ഏഷ്യക്കാർക്കു ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസച്ചെലവുകൾ താങ്ങാനാകാത്തതാണ്. ഇന്ത്യൻ പ്രവാസി വനിതയായ ഡോ. മേരി ഷൈനി ശമ്പളംപോലും വാങ്ങാതെ ഈ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യഭ്യാസത്തിനായി സേവനമനുഷ്ഠിച്ചു എന്നതാണ് അവരെ ഈ അവാർഡിന് അർഹയാക്കിയതെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസിന്റെ ആസിയാൻ രാജ്യങ്ങളുടെ ചുമതലയുള്ള ഡയറക്ടർ കാഞ്ച്ന പരാന്ത്മാൻ പുരസ്‌കാര പ്രഖ്യാപന വാർത്താകുറിപ്പിൽ വ്യക്തമാക്കി. യൂറോപ്പിലെ തന്നെ ആദ്യ ഇന്ത്യൻ- കേംബ്രിഡ്​ജ്​ ഇന്‍റർനാഷനൽ സ്കൂളായി 2016 ൽ ആരംഭിച്ച ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്‌കൂളിൽ 21 കുട്ടികളുണ്ടായിരുന്നത് ഇപ്പോൾ 175 ആയി വർധിച്ചു. നിലവിൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപൈൻസ്, വിയറ്റ്നാം, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

ഇന്ത്യൻ ക്ലാസിക്കല്‍ നർത്തകിയും ഗായികയും കൂടിയാണ് ഡോ. മേരി ഷൈനി. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി പൊൻപറമ്പിൽ വീട്ടിൽ റിട്ട. സുബേദാർ മേജർ പൊൻപറമ്പിൽ പോൾ -ആനീസ്​ ദമ്പതികളുടെ മകളാണ്. ഭർത്താവ് ചാലക്കുടി സ്വദേശിയും റോമിൽ ഷെഫുമായ ബൈജു മഞ്ഞളി. എട്ടു വയസുകാരി കെസിയ, ഒന്നരവയസുള്ള കെലിസ്റ്റ എന്നിവരാണ് മക്കൾ.

Similar Posts