Kerala
ഏക മകൾ മരിച്ചെന്ന കാര്യം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല കുടുംബത്തിന്; ഡോ.വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്
Kerala

ഏക മകൾ മരിച്ചെന്ന കാര്യം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല കുടുംബത്തിന്; ഡോ.വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

Web Desk
|
10 May 2024 1:18 AM GMT

പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന വന്ദനാ ദാസ് കൊല്ലപ്പെട്ടത്

​കടുത്തുരുത്തി: ഡോക്ടർ വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. 2023 മെയ് 10 നാണ് അക്രമിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെട്ടത്. സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. അക്രമാസക്തനായ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വന്ദനയെ ചവിട്ടി വീഴ്ത്തിയ ശേഷം കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ആശുപത്രി ജീവനക്കാർക്കും, പൊലീസുകാർക്കും, ആംബുലൻസ് ഡ്രൈവർക്കും ആക്രമണത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വന്ദനാദാസ് മരിച്ചത്.പ്രതി സന്ദീപിനെ അധ്യാപക വൃത്തിയിൽ നിന്നും പുറത്താക്കി.90 ദിവസത്തിനുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെയും സർക്കാർ നടപടി എടുത്തു.

കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചതിന്റെ പ്രതീക്ഷയിലാണ് വന്ദനയുടെ കുടുംബം. നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പിതാവ് മോഹൻദാസ് മീഡിയവണിനോട് പറഞ്ഞു.

ഏക മകൾ മരിച്ചെന്ന കാര്യം ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല വന്ദനയുടെ മാതാപിതാക്കൾക്ക്. കടുത്തുരുത്തി നമ്പിച്ചിറക്കാലായിൽ മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ജീവിതം മുന്നോട്ട് പോകുന്നത് പ്രിയ മകളുടെ ഓർമകളിലാണ്. വന്ദന ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും പഠനമുറിയിൽ ഒരുക്കി വെച്ചിരിക്കുകയാണ് ഇവർ. സ്റ്റെതസ്കോപ്പ്, കോട്ട്, പുസ്തകങ്ങൾ,പേന വാച്ച് എന്നിവയെല്ലാം മുറിയിലുണ്ട്.

കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുമ്പോൾ നീതി പുലരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.സിബിഐ അന്വേഷണ ആവശ്യപ്പെടുള്ള കുടുംബത്തിൻ്റെ ഹരജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. കൊല്ലം കോടതിയിലാണ് നിലവിൽ കേസിൻ്റെ വിചാരണ നടപടികൾ നടക്കുന്നത്. അമ്മയുടെ നാടായ തൃക്കുന്നപ്പുഴയിൽ പാവപ്പെട്ട രോഗികൾക്കായി സൗജന്യ ക്ലിനിക്ക് എന്നത് വനന്ദയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹം പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുന്നതിനു ഉള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത് വന്ദനയുടെ കൊലപാതം ആയിരുന്നു.സുരക്ഷാ വീഴ്ചയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉണ്ടായി. ആശുപത്രി സംരക്ഷണ നിയമം കർശനമാക്കി സർക്കാർ നിയമം കൊണ്ടുവന്നു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മുഴുവൻ സമയ ഗാർഡുമാരെയും നിയമിച്ചു.

Similar Posts