ഡോ.വന്ദന ദാസ് കൊലപാതകക്കേസ്: പ്രതി സന്ദീപിനെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു
|കത്രിക കൈക്കലാക്കിയതും കുത്തി വീഴ്ത്തിയതുമൊക്കെ നിർവികാരനായാണ് സന്ദീപ് വിശദീകരിച്ചത്
കൊട്ടാരക്കര: ഡോക്ടർ വന്ദന കൊലപാതകക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ നാലരയോടെയാണ് പ്രതി സന്ദീപുമായി അന്വേഷണ സംഘമെത്തിയത്. സംഭവ ദിവസം ആശുപതിയിൽ എത്തിയത് മുതൽ ഡോക്ടർ വന്ദന അടക്കം അഞ്ചുപേരെയും കുത്തി വീഴ്ത്തിയത് വരെയുള്ള കാര്യങ്ങൾ പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു.
കത്രിക കൈക്കലാക്കിയതും കുത്തി വീഴ്ത്തിയതുമൊക്കെ നിർവികാരനായാണ് സന്ദീപ് വിശദീകരിച്ചത്. അഞ്ചു മണിയോടെ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം പ്രതിയുമായി മടങ്ങി. പകൽ സമയത്ത് എത്തിയാൽ കനത്ത പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉള്ളതിനാലാണ് പുലർച്ചെ തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.
തെളിവെടുപ്പിന് ശേഷം പ്രതിയെ റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. ചോദ്യം ചെയ്യൽ ഇന്നും തുടരും. നാളെയാണ് സന്ദീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് മുന്നേ പ്രതിയെ ഹാജരാക്കണം എന്നാണ് കോടതി നിർദേശം.