ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികള്‍; തടവും പിഴയും കടുപ്പിച്ച് ഓർഡിനൻസ് ഇറക്കാൻ സര്‍ക്കാര്‍
|ആരോഗ്യസ്ഥാപനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരായ അക്രമങ്ങള്‍ക്കുള്ള ശിക്ഷാകാലാവധി മൂന്ന് മുതല്‍ 10 വര്‍ഷം വരെയാക്കും. പിഴത്തുക അഞ്ചുലക്ഷം വരെ ആക്കാനും നിര്‍ദേശമുണ്ട്
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത ശിക്ഷാനടപടികളുമായി സർക്കാർ. തടവും പിഴയും കടുപ്പിച്ച് ഓർഡിനൻസ് ഇറക്കാൻ ഉന്നതതല സമിതിയുടെ നിർദേശം. ഡോ. വന്ദനയുടെ കൊലപാതകത്തിനു പിന്നാലെയാണ് നടപടി. ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനമെടുക്കുക.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷയും പിഴയുമാണ് വരുന്നത്. ഡോക്ടര്‍ വന്ദനയുടെ മരണത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച ചീഫ് സെക്രട്ടറി തല സമിതി ഓര്‍ഡിനന്‍സിലെ വ്യവ്യസ്ഥകളെക്കുറിച്ച് ചര്‍ച്ച നടത്തി. ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സിന് അന്തിമരൂപം നല്‍കുക.
2012ലെ ആശുപത്രി സംരക്ഷണനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രിയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. ആരോഗ്യസ്ഥാപനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരായ അക്രമങ്ങള്‍ക്കുള്ള ശിക്ഷാകാലാവധി മൂന്ന് മുതല്‍ 10 വര്‍ഷം വരെയാക്കും. പിഴത്തുക അഞ്ചുലക്ഷം വരെ ആക്കാനും നിര്‍ദേശമുണ്ട്. നിലവിലെ നിയമത്തില്‍ ശിക്ഷാകാലാവധി മൂന്ന് വര്‍ഷവും പിഴത്തുക 50,000 രൂപയുമാണ്.
ഡോക്ടര്‍മാര്‍,നഴ്സുമാര്‍,മെഡിക്കല്‍,നഴ്സിങ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമെ ആശുപത്രിയിലെ സുരക്ഷാജീവനക്കാരെയും മിനിസ്റ്റീരിയല്‍ ജീവനക്കാരെയും ആരോഗ്യപ്രവര്‍ത്തകരാക്കി കണക്കാക്കും. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുന്നവരില്‍നിന്ന് ഇരട്ടി നഷ്ടപരിഹാരം ഈടാക്കാനും നല്‍കാത്തവരില്‍നിന്ന് റവന്യു റിക്കവറി വഴി പണം ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാകും.
അക്രമം നടന്ന് ഒരു മണിക്കൂറിനകം എഫ്.ഐ.ആര്‍, ഒരു മാസത്തിനകം കുറ്റപത്രം, ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുക എന്നീ നിര്‍ദേശങ്ങള്‍ നേരത്തെ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളിലുള്ള നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകള്‍ ഉന്നതതല സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇത് കൂടി പരിഗണിച്ച് ഓര്‍ഡിനന്‍സിന് അന്തിമരൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി വി.പി ജോയി, നിയമ-ആരോഗ്യവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
Summary: The Kerala state government comes with severe punitive measures to ensure the safety of health workers. The high-level committee headed by the Chief Secretary recommends to enact an ordinance stiffening the imprisonment and fine