ഡോ. വന്ദനാദാസിന്റെ കൊലപാതകം: പ്രതി സന്ദീപിന്റെ മാനസിക പരിശോധന ഇന്ന്
|തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് നേതൃത്വം നൽകുന്ന മെഡിക്കൽ ബോർഡാണ് സന്ദീപിന്റെ ശാരീരിക, മാനസികനില പരിശോധിക്കുക.
തിരുവനന്തപുരം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിനെ മാനസികനില സംബന്ധിച്ച പരിശോധനയ്ക്ക് തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും. കോടതി നിർദേശപ്രകാരം പുനലൂർ താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചുള്ള തെളിവെടുപ്പ് വൈകിയേക്കും
തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് നേതൃത്വം നൽകുന്ന മെഡിക്കൽ ബോർഡാണ് സന്ദീപിന്റെ ശാരീരിക, മാനസിക നില പരിശോധിക്കുക. സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്നമില്ലെന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ പതിവുപരിശോധനക്കിടയിൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കണ്ടെത്തിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ചതിനാൽ സന്ദീപിനെ കൊട്ടാരക്കര എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
ഡോക്ടറെ ഉൾപ്പെടെ കുത്താൻ ഉപയോഗിച്ച കത്രിക എങ്ങനെയാണ്, എപ്പോഴാണ് കൈക്കലാക്കിയതെന്നും സന്ദീപിന്റെ കാലിൽ ഉൾപ്പെടെയുള്ള മുറിവ് എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം. കോടതി ഉത്തരവ് പ്രകാരം ഇടതുകാലിന്റെ പൊട്ടൽ പരിശോധിക്കാൻ സന്ദീപിനെ പുനലൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പ്ലാസ്റ്റർ ഇട്ടതിനാൽ സന്ദീപിനെ സംഭവം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് വൈകും. ആരോഗ്യസ്ഥിതി തൃപ്തികരമായാൽ മാത്രമേ തെളിവെടുപ്പ് നടക്കുകയുള്ളൂ.