ഡോ.വന്ദനയുടെ കൊലപാതകം: എഫ്.ഐ.ആറും ദൃക്‌സാക്ഷി മൊഴിയും തമ്മിൽ വൈരുദ്ധ്യം
|കേസിൽ പൊലീസിന്റെ വീഴ്ചകൾ മറച്ചുവെച്ചാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നതെന്നും ആക്ഷേപം
കൊല്ലം: ഡോക്ടർ വന്ദന വധക്കേസിന്റെ എഫ്.ഐ.ആർ റിപ്പോർട്ടിൽ വൈരുദ്ധ്യം. പ്രതി സന്ദീപ് ആദ്യം ആക്രമിച്ചത് വന്ദനയെയാണെന്നും അത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർക്ക് പരിക്കേറ്റെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. എന്നാൽ സന്ദീപ് ബന്ധുവിനെയും പൊലീസുകാരെയുമാണ് ആദ്യം ആക്രമിച്ചതെന്നുമാണ് ദൃക്‌സാക്ഷിയുടെ മൊഴി.
സന്ദീപ് ആദ്യം ആക്രമിച്ചത് പൊലീസുകാരെയാണെന്ന് അന്നേരം ആശുപത്രയിലുണ്ടായിരുന്ന നാല് പേർ പ്രതികരിച്ചിരുന്നു. ആദ്യം പൊലീസിനെയാണ് പ്രതി ആക്രമിച്ചതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പൊലീസുമായി സംസാരിച്ച ശേഷം വ്യക്തമാക്കിയിരുന്നു. പ്രതി ആദ്യം അക്രമിച്ചത് വന്ദനയെയാണെന്ന് പറയുന്നതിന് പിന്നിൽ പൊലീസിന്റെ ലക്ഷ്യമെന്താണെന്നും ഏത് മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തിൽ എഫ്.ഐ.ആർ തയ്യാറാക്കിയത് എന്നതിലും സംശയമുയരുകയാണ്.
സന്ദീപ് ബന്ധുവിനെ ആദ്യം ആക്രമിച്ചത് സംബന്ധിച്ച് എഫ്.ഐ.ആറിൽ പരാമർശമില്ല. കേസിൽ ദൃക്‌സാക്ഷിയായ ആംബുലൻസ് ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലല്ല എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സീനിയർ ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ തയ്യാറാക്കിയതെന്നാണ് പൊലീസ് വിശദീകരണം. കേസിൽ പൊലീസിന്റെ വീഴ്ചകൾ മറച്ചുവെച്ചാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നു.