ഡോ. വന്ദനയുടെ കൊലപാതകം: സമരം തുടരുമെന്ന് ഐ.എം.എ
|ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ചട്ടം ഓർഡിനൻസ് ആയി പുറത്തിറക്കണമെന്നും ഐ.എം.എ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റു മരിച്ച വന്ദനയുടെ മരണത്തിൽ പ്രതിഷേധം തുടരുമെന്ന് ഐ.എം.എ. സർക്കാരും ഡോക്ടർമാരും തമ്മിലുള്ള ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ചട്ടം ഓർഡിനൻസ് ആയി പുറത്തിരിക്കണമെന്നും ആവശ്യമുയർന്നു. വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് ഉറപ്പ് നൽകി.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തിയുള്ള നിയമത്തിന് വന്ദനയുടെ പേര് നൽകി നീതി നടപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടർമാർ മിന്നൽ പണിമുടക്ക് നടത്തി. സമരം നാളെ രാവിലെ എട്ടു മണിവരെയാണ്. തുടരെ ഉണ്ടാകുന്ന അക്രമസംഭവങ്ങളും ആരോഗ്യമന്ത്രിയുടെ പ്രതികരണവും ഡോക്ടർമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇനിയും സഹിച്ചു നിൽക്കാനാവില്ലെന്നു ഐ.എം.എ വ്യക്തമാക്കി.