Kerala
Dr. Vandanas post-mortem has been completed; Public visit at Azizia College, Kollam

ഡോ. വന്ദന ദാസ്

Kerala

ഡോ. വന്ദനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; കൊല്ലം അസീസിയ കോളേജിൽ പൊതുദർശനം

Web Desk
|
10 May 2023 10:30 AM GMT

പൊതുപ്രവർത്തകരും ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകള്‍ വന്ദനയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു

തിരുവനന്തപുരം: ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വന്ദന പഠിച്ച കൊല്ലം അസീസിയ കോളേജിലേക്ക് കൊണ്ടുപോയി. പൊതുപ്രവർത്തകരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകളാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചത്.

മാതാപിതാക്കൾ, മറ്റു ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വന്ദനയുടെ കോളേജിലേക്ക് പുറപ്പെട്ടു. മറ്റു സുഹൃത്തുക്കളും ആരോഗ്യപ്രവർത്തകരും അസീസിയ കോളേജിലേക്ക് എത്തുമെന്നാണ് വിവരം. മൃതദേഹം കൊണ്ടുപോകുന്നതിൽ അടക്കം കാലതാമസം ഉണ്ടാകുമെന്ന് കരുതി തിരുവനന്തപുരത്ത് വളരെ വേഗത്തിലാണ് പൊതുദർശനം പൂർത്തിയാക്കിയത്. ആയിരങ്ങളാണ് വന്ദനയെ ഒരുനോക്കു കാണാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മോർച്ചറിക്കു മുന്നിൽ തടിച്ചുകൂടിയത്.

കൊല്ലത്തെ പൊതുദർശനത്തിന് ശേഷം വന്ദനയുടെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകും. അതേസമയം കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പരാമർശം ആരോഗ്യ പ്രവർത്തകർക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. 'ഈ മോൾ ഒരു ഹൗസ് സർജനാണ്, അത്ര എക്സ്പീരിയൻസ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോൾ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടർമാർ പറഞ്ഞത്''-ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ.

വന്ദനയുടെ കൊലപാതകത്തിൽ സർക്കാറിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. അക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടിക്ക് വേണ്ടിയല്ലേ സുരക്ഷാ സംവിധാനങ്ങളെന്നും പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ്ങ് നടത്തിയിരുന്നു.

ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂ എന്നാണ് കോടതി പരാമർശിച്ചത്. ആർക്കെന്ത് പറ്റിയാലും അവിടെയുള്ള സ്ത്രീകൾക്ക് സംരക്ഷണം നൽകണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയിൽ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. കോടതിയിൽ സർക്കാർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടു. കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് നടന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (22)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.


Similar Posts