അട്ടപ്പാടി മധു കേസ് വിചാരണക്കിടെ നാടകീയ രംഗങ്ങൾ; പൊലീസിന്റെ ലാപ്ടോപ്പ് പിടിച്ചെടുത്ത് കോടതി
|കാഴ്ച പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട വിചാരണ നടക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ മണ്ണാർക്കാട് എസ്സി- എസ്ടി കോടതിയിൽ അരങ്ങേറിയത്.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. പൊലീസിനെ രൂക്ഷമായി വിമർശിച്ച കോടതി പൊലീസിന്റെ ലാപ്ടോപ്പ് പിടിച്ചെടുത്തു. കാഴ്ച പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട വിചാരണ നടക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ മണ്ണാർക്കാട് എസ്സി- എസ്ടി കോടതിയിൽ അരങ്ങേറിയത്.
ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിക്കണമെന്ന് 29-ാം സാക്ഷിയായ സുനിൽ കുമാറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം കോടതിയിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പിൽ നിന്നാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതെന്നും ഇത് നിയമവിരുദ്ധമാണെന്നും സുനിൽ കുമാറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നേരത്തെ തന്നെ പ്രോസിക്യൂഷനും പ്രതികളുടെ അഭിഭാഷകനും കോടതി തന്നെ പെൻഡ്രൈവിൽ ദൃശ്യങ്ങൾ നൽകിയിരുന്നു. ഈ ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സ്വന്തം ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയും അത് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി വരികയുമാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
വിഷയം ഗൗരവത്തിലെടുത്ത കോടതി ലാപ്ടോപ്പ് പിടിച്ചെടുക്കുകയായിരുന്നു. ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥന് കോടതി കർശനഭാഷയിൽ താക്കീത് നൽകുകയും ചെയ്തു. സുനിൽ കുമാറിനെതിരെ എന്ത് നടപടിയെടുക്കണമെന്ന കേസ് അടുത്ത മാസം പത്താം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്.