Kerala
ഐ.എ.എസ് ലഭിക്കാൻ തങ്കഭസ്മം കുടിച്ചു; കണ്ണൂരിൽ വിദ്യാർഥിയുടെ കാഴ്ച മങ്ങി
Kerala

ഐ.എ.എസ് ലഭിക്കാൻ തങ്കഭസ്മം കുടിച്ചു; കണ്ണൂരിൽ വിദ്യാർഥിയുടെ കാഴ്ച മങ്ങി

Web Desk
|
8 Oct 2021 4:31 AM GMT

വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവ നൽകി 11,75,000 രൂപ ജ്യോത്സ്യൻ വാങ്ങിയെന്നും പരാതി

ഐ.എ.എസ് പാസാകാൻ ജ്യോത്സ്യന്റെ നിർദേശപ്രകാരം തങ്കഭസ്മം പാലിൽ കലക്കികുടിച്ച വിദ്യാർഥിയുടെ കാഴ്ചക്ക് മങ്ങലേറ്റതായും വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവ നൽകി 11,75,000 രൂപ വാങ്ങിയതായും കാണിച്ച് പൊലീസിൽ പരാതി. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദ് കണ്ണവം പൊലീസിൽ പരാതി നൽകിയെന്ന് മനോരമ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

വീടിന്റെ കുറ്റി അടിക്കാനുള്ള മുഹൂർത്തം നോക്കാനാണ് മൊബിൻ ചന്ദ് ആദ്യമായി കണ്ണാടപ്പറമ്പിലെ ജ്യോതിഷാലയത്തിൽ എത്തുന്നത്. പിന്നീട് മൊബിന്റെ വീട്ടിൽ നിരന്തരം വന്ന ജ്യോത്സ്യൻ മൊബിൻ വാഹനപകടത്തിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് പറയുകയായിരുന്നു. ഇക്കാര്യം പറഞ്ഞു വീട്ടുകാരെയും ഭയപ്പെടുത്തി. തുടർന്ന് ആദിവാസികളുടെ അടുത്ത് നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്‌നം 10 എണ്ണം വാങ്ങി സൂക്ഷിക്കാൻ നിർദേശിച്ചു.

ഭാവിയിൽ മകൻ ഐ.എ.എസ് പാസാകാൻ തങ്കഭസ്മം പാലിൽ കലക്കി കുടിക്കാനും വിദേശ ലക്ഷ്മി യന്ത്രം വാങ്ങി വീട്ടിൽ സൂക്ഷിക്കാനും ഉപദേശിച്ചു. ഗരുഡ രത്‌നത്തിന് 10 ലക്ഷവും ഭസ്മത്തിന് 1,25,000 രൂപയും വിദേശ ലക്ഷ്മി യന്ത്രത്തിന് 50,000 രൂപയും ഇയാൾ കൈക്കലാക്കി.

ജില്ലാ പൊലീസ് മേധാവിക്കും മൊബിൻ പരാതി നൽകിയിട്ടുണ്ട്. മൊബിൻ നൽകിയ ഹരജി പരിഗണിച്ച് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

Similar Posts