ഡ്രൈവിങ് സ്‌കൂൾ സമരം തുടരുന്നു; പരിഷ്ക്കാരങ്ങളില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
|സമരക്കാരുമായി ഉടൻ ചർച്ച വേണ്ടെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിലപാട്
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരായ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരും. പരിഷ്ക്കരണങ്ങളില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ ചോദ്യംചെയ്തുള്ള ഹരജികളിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിടും. ഡ്രൈവിങ് സ്‌കൂൾ ഉടമകളും പരിശീലകരുമാണ് ഹരജിക്കാർ. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമാണ് ഹരജിക്കാരുടെ വാദങ്ങൾ. സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യത്തിന്മേലാണ് കോടതി ഇന്ന് തീരുമാനമെടുക്കുക.
കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ നിർദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തതെന്നും പുതിയ സർക്കുലർ നിയമപരമാണെന്നുമാണ് സർക്കാരിന്റെ വാദം. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്‌ക്കാരം. പകരം സിഗ്‌സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌ക്കാരങ്ങൾ നിലവിൽ വന്നത്.
പരിഷ്‌ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. എന്നാല്‍, സമരക്കാരുമായി ഉടൻ ചർച്ച വേണ്ടെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിലപാട്. മന്ത്രി നിർദേശിച്ച ഇളവുകൾ ഉൾപ്പെടുത്തി പുതിയ സർക്കുലർ ഇറക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഇറക്കിയിട്ടില്ല.
Summary: The protest of driving school owners against the driving test reform will continue today. The High Court will today rule on the pleas seeking a stay on the reforms