സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവായി; മാറ്റങ്ങൾ മെയ് ഒന്നുമുതൽ
|''15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാറിൽ ഡ്രൈവിങ് സ്കൂളുകൾ പരിശീലനം കൊടുക്കരുത്''
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്കരിച്ച ടെസ്റ്റിനുള്ളത്.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കുമെന്നതാണ് കെ.ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചത്. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് പരിഷ്കാരങ്ങള്‍ വരുത്തിയത്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കൈ കൊണ്ട് ഗിയറ് പ്രവര്‍ത്തിപ്പിക്കുന്ന വാഹനത്തിന് പകരം കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കി. കാര്‍ ലൈസന്‍സ് എടുക്കാന്‍ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്ട്രിക് വാഹനം ഉപയോഗിക്കാന്‍ പാടില്ല.
നേരത്തെ കാറിന്റെ ലൈസന്‍സ് എടുക്കാന്‍ 'എച്ച്' മാത്രം മതിയായിരുന്നു. ഇനി വെറും 'എച്ച്' അല്ല എടുക്കേണ്ടത്. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തുന്നതും പുറകോട്ട് എടുക്കുന്നതും കൂടി ഗ്രൗണ്ട് ടെസ്റ്റില്‍ ഉള്‍പ്പെടുത്തി. റോഡ് ടെസ്റ്റ് ഗ്രൗണ്ടിലെടുക്കാതെ റോഡില്‍ തന്നെ നടത്തണം.
ഡ്രൈവിങ് സ്കൂളുകള്‍ കൊണ്ടുവരുന്ന വാഹനത്തില്‍ ഡാഷ്ബോര്‍ഡ് ക്യാമറ ഉണ്ടായിരിക്കണം. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനത്തില്‍ ഡ്രൈവിങ് പരിശീലിപ്പിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. പരിഷ്കരിച്ച ടെസ്റ്റ് നടത്താനുള്ള ഗ്രൗണ്ട് എവിടെ, എങ്ങനെ തയ്യാറാക്കും എന്നത് മോട്ടോര്‍ വാഹന വകുപ്പിനും ഡ്രൈവിങ് സ്കൂളുകള്‍ക്കും ഒരു പോലെ വെല്ലുവിളിയാണ്.
പ്രധാന നിര്‍ദേശങ്ങള്‍...
*കാല്പാദം കൊണ്ട് ഗിയര്‍ പ്രവര്‍ത്തിക്കുന്ന 95സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തില്‍ ടെസ്റ്റ് നടത്തണം.
*15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിങ് സ്കൂളുകള്‍ പരിശീലനം കൊടുക്കരുത്.
*ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്.
*ഡ്രൈവിങ് ടെസ്റ്റിലെ ഗ്രൗണ്ട് ടെസ്റ്റ് പരിഷ്കരിച്ചു.
*പ്രതിദിനം ഒരു എം.വി.ഐയും എ.എം.വി.ഐയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതില്‍ 20 പേര് പുതിയതും 10 പേര് നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം.
*ലേണേഴ്സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും.
*ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന എല്‍എംവി വിഭാഗത്തിലെ വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ,വി.എല്‍.ടി.ഡി ഘടിപ്പിക്കണം.
*ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസായവരാകണം.