സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർദ്ധിക്കുന്നു; ഒന്നര മാസത്തിനിടെ 101 മരണം
|അപകട സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ഫയര്‍ ഫോഴ്സിന്‍റെ തീരുമാനം
സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ മുങ്ങി മരിച്ചത് 101 പേരെന്ന് ഫയർ ഫോഴ്സിന്‍റെ കണക്കുകൾ. 142 പേർ ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ 41 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവിലെ കണക്കാണിത്.
ഇതില്‍ അഞ്ചു വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ 18 വയസില്‍ താഴെയുള്ളവരാണ്. തിരുവനന്തപുരത്തും കൊല്ലത്തുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍, 16 പേര്‍ വീതം. എറണാകുളത്തും കണ്ണൂരും 10 പേര്‍ വീതവും മരിച്ചു.
ആകെ 142 പേരാണ് ഇക്കാലയളവിൽ ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ഫയര്‍ ഫോഴ്സിന്‍റെ തീരുമാനം.
"ഈ മഴക്കാലത്ത് ഒഴുക്ക് വളരെ കൂടുതലാണ്. വിനോദത്തിനായി ആരും ജലാശയങ്ങളില്‍ ഇറങ്ങരുത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഫയര്‍ ഫോഴ്സ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട് "- ഫയർ ഫോഴ്സ് മേധാവി ഡോ. ബി സന്ധ്യ മാധ്യമങ്ങളോടു പറഞ്ഞു.
ക്വാറികളിലെ വെള്ളക്കെട്ടുകളിലും അപകടങ്ങള്‍ പതിവാണെന്നാണ് വിലയിരുത്തൽ. കോവിഡ് പ്രതിസന്ധി കാരണം പാഠ്യപദ്ധതിയില്‍ നീന്തല്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന് തിരിച്ചടിയായെങ്കിലും പരിഹാരമാകുമെന്നാണ് ഫയർഫോഴ്സിന്‍റെ പ്രതീക്ഷ.