Kerala
ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരിക്കച്ചവടം; ഷഹനയുടെ ഭർത്താവ് സജ്ജാദിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ
Kerala

'ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരിക്കച്ചവടം'; ഷഹനയുടെ ഭർത്താവ് സജ്ജാദിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

Web Desk
|
14 May 2022 5:19 AM GMT

താൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളായിരുന്നുവെന്ന് സജാദ് പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്

നടിയും മോഡലുമായ ഷഹനയുടെ ഭർത്താവ് സജ്ജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നതായി പൊലീസ്. വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവിനു പുറമെ ഇൻഹീലറുകളും പൊലീസ് കണ്ടെത്തിയിരുന്നു. താൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളായിരുന്നുവെന്ന് സജാദ് പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സജ്ജാദിനെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

ഷഹനയെ സജ്ജാദ് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഷഹനയെ ബന്ധുക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും കല്യാണം കഴിഞ്ഞ് 2 മാസത്തിനകം തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നതായും ബന്ധുക്കൾപറഞ്ഞു. ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജ്ജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവ സ്ഥലത്ത് ഇന്ന് തെളിവെടുപ്പും ശാസ്ത്രീയ പരിശോധനകളും നടക്കും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ ശാസ്ത്രീയമായ പരിശോധനകളാണ് ഇനി നടക്കേണ്ടത്. തന്നെ ഭർത്താവ് കൊലപ്പെടുത്തുമെന്ന വിവരം ഷഹന പലപ്പോഴും പങ്കുവെച്ചിരുന്നു.

ഷഹനയുടെ മരണം സംഭവിച്ച് തൊട്ടടുത്തുള്ള ആളുകൾ ഓടിക്കൂടിയപ്പോൾ ഭർത്താവ് സജ്ജാദ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സജാദിന്റെ മടിയിലാണ് ഷഹനയെ ആ സമയത്ത് കണ്ടിരുന്നത്. സജാദ് നാട്ടുകാരോട് പറഞ്ഞത് അവൾ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നായിരുന്നു. സജ്ജാദ് പൊലീസിനു നൽകിയാതകട്ടെ ഷഹാന തൂങ്ങി മരിച്ചതാണെന്ന വിവരവും. എന്നാൽ സംഭവ സ്ഥലത്ത് നിന്നും ചെറിയ കഷ്ണം കയറാണ് കണ്ടെത്തിയത്. ഈ കയറ് തൂങ്ങിമരിക്കാൻ പര്യാപ്തമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഈ കാര്യത്തിൽ വ്യക്തത വരുത്താനായി ശാസ്ത്രീയമായ പരിശോധനകൾ ആവശ്യമാണെന്നാണ് പൊലീസിന്റെ വാദം. ഷഹന അടുത്തിടെ ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിന്റെ പ്രതിഫലതുക ലഭിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇവർക്കിടയിലുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും സജ്ജാദ് പൊലീസിനു മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. സജ്ജാദിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Similar Posts