മൂത്രക്കല്ലിനുള്ള ചികിത്സയെന്ന മറവിൽ എംഡിഎംഎ നിർമാണം; ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണശാല കണ്ടെത്തി
|കഴിഞ്ഞമാസം ഒല്ലൂരിൽ നിന്നും പിടികൂടിയ രണ്ടര കിലോ എംഡിഎംഎയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് മയക്കുമരുന്ന നിർമാണശാലയിലേക്ക് എത്തിച്ചത്
തൃശൂര്: ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണശാല കണ്ടെത്തി തൃശൂർ പൊലീസ്. സൗത്ത് ഇന്ത്യയിലെ തന്നെ എംഡിഎഎയുടെ പ്രധാന വ്യാപാരിയും തൃശൂർ പൊലീസിന്റെ പിടിയിലായി. ആദ്യമായാണ് സൗത്ത് ഇന്ത്യയിലെ ഒരു മയക്കുമരുന്ന് നിർമാണശാല കണ്ടെത്തുന്നത്. കഴിഞ്ഞമാസം ഒല്ലൂരിൽ നിന്നും പിടികൂടിയ രണ്ടര കിലോ എംഡിഎംഎയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് മയക്കുമരുന്ന നിർമാണശാലയിലേക്ക് എത്തിച്ചത്.
കഴിഞ്ഞമാസം ഒല്ലൂരിൽ വച്ച് രണ്ടരക്കിലോ എംഡിഎംഎയുമായി പിടിയിലായ കണ്ണൂർ സ്വദേശി ഫാസിലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഫാസിലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഡിഎംഎ കൈമാറിയ മൂന്നുപേരെ ബാംഗ്ലൂരിൽ നിന്നും പിടികൂടി.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഹൈദരാബാദ് ആണ് ലഹരിക്കടത്തിന്റെ ഉറവിടം എന്ന് പൊലീസിന് മനസിലായി. ഹൈദരാബാദിൽ നടത്തിയ അന്വേഷണത്തിൽ നിന്നും മയക്കുമരുന്ന് വ്യാപാരത്തിന്റെ ഇടനിലക്കാരൻ ഹൈദരാബാദ് സ്വദേശി മഹേന്ദ്ര റെഡ്ഡി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ലഹരി നിർമാണശാല കണ്ടെത്തിയതും ഉടമ വെങ്കിട നരസിംഹ രാജു പിടിയിലാവുന്നതും.
വെങ്കിട നരസിംഹ രാജു തന്നെയാണ് എംഡി നിർമ്മിക്കുന്നത്. മൂത്രാശയം, വൃക്ക എന്നീ അവയവങ്ങൾക്കുള്ള ചികിത്സയ്ക്കായി നിർമ്മിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കൾ വൻതോതിൽ ഉത്പാദിപ്പിച്ചിരുന്നത്. സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശപ്രകാരം , ഒല്ലൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ ബെന്നി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ഡാൻസ് സാഫ് അംഗങ്ങളുമാണ് മയക്കുമരുന്ന് നിർമാണശാല കണ്ടെത്തിയത്.