Kerala
mdma kochi arrest

അഭിജിത്ത്, അമിൽ ചന്ദ്രൻ

Kerala

ഓൺലൈൻ ടാക്സിയുടെ മറവിൽ രാസലഹരി വിൽപ്പന; രണ്ടുപേർ പിടിയിൽ

Web Desk
|
6 Feb 2024 1:56 PM GMT

പ്രതിയുടെ മേൽനോട്ടത്തിൽ ഓൺലൈൻ ടാക്സിയായി ആറ് കാറുകൾ എറണാകുളത്ത് ഓടുന്നുണ്ട്

കൊച്ചി: എറണാകുളം നഗരത്തിൽ കാറിൽ കറങ്ങി നടന്ന് രാസലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കൊല്ലം മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശിയും എളമക്കര പാറയിൽ റോഡിൽ താമസിക്കുകയും ചെയ്യുന്ന അമിൽ ചന്ദ്രൻ (28), കലൂർ എളമക്കര പുല്യാട്ട് പറമ്പിൽ വീട്ടിൽ അഭിജിത്ത് (30) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇൻറലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇവരുടെ പക്കൽനിന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള 7 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച കാർ, രണ്ട് മൊബൈൽ ഫോൺ, മയക്കുമരുന്ന് തൂക്കി നോക്കാൻ ഉപയോഗിച്ച നാനോ വേയിംഗ് മെഷീൻ എന്നിവയും എക്സൈസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.

മയക്കുമരുന്ന് വിൽപ്പന തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഇവർ ഒരുമിച്ച് പിടിയിലാകുന്നത് ആദ്യമായാണ്. ഇത്തരത്തിലുള്ള മയക്കുമരുന്ന് അരഗ്രാം കൈവശം വെക്കുന്നത് 10 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

എറണാകുളം ടൗൺ കേന്ദ്രീകരിച്ച് കാറിലെത്തി യുവതി യുവാക്കൾക്കും മറ്റും മയക്കുമരുന്ന് വിൽപ്പന നടത്തിവരുന്ന സംഘത്തെക്കുറിച്ചുള്ള വിവരം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീമിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ അമിൽ ചന്ദ്രൻ എന്നയാളുടെ മേൽനോട്ടത്തിൽ ഓൺലൈൻ ടാക്സിയായി ആറ് കാറുകൾ എറണാകുളം ടൗണിൽ ഓടുന്നുണ്ടെന്ന് എക്സൈസ് സംഘം കണ്ടെത്തി. ഇതേ കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ അമിലും അഭിജിത്തും സ്ഥിരമായി എറണാകുളം ടൗണിൽ കറങ്ങി നടക്കുന്ന കാർ തിരിച്ചറിഞ്ഞ എക്സൈസ് സംഘം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു.

കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് മയക്കുമരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയ ശേഷം കാറിൽ ഇരുന്ന് തന്നെ എറിഞ്ഞ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി എന്ന് എക്സൈസ് സംഘം മനസ്സിലാക്കി. തുടർന്ന് എക്സൈസ് സംഘം ഇവരുടെ വാഹനത്തെ രഹസ്യമായി പിൻതുടർന്നു. ഏളമക്കര പുന്നയ്ക്കൽ ജംഗ്ഷന് സമീപത്തുള്ള അപ്പാർട്ട്മെന്റിന് മുൻവശം ഇടപാടുകാരെ കാത്തുനിൽക്കുകയായിരുന്ന ഇവരുടെ കാർ സംഘം വളഞ്ഞു. ഇതിനിടെ അഭിജിത്ത് കാറിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഗ്രാമിന് 3000 രൂപ മുതൽ 7000 രൂപ വരെയുള്ള നിരക്കിലാണ് വിൽപ്പനയെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സ്ത്രീകളും പുരുഷൻമാരുമായി കുടുംബ എന്ന പ്രതീതി ഉണ്ടാക്കി പ്രത്യേക സംഘമായി ഗോവയിൽ പോയി അവിടെനിന്ന് വൻതോതിൽ മയക്കു​മരുന്ന് കൊച്ചിയിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ്. ഇവരുടെ സംഘത്തിൽപ്പെട്ടവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ അസി. കമ്മീഷണർ ടി. അനികുമാർ അറിയിച്ചു.

എറണാകുളം സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എൻ.ഡി ടോമി, ഐ.ബി പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ, എറണാകുളം സ്ക്വാഡ് അസ്സി. എക്സൈസ് ഇൻസ്പെക്ടർ എം.ടി. ഹാരിസ്, പ്രിവന്റീവ് ഓഫീസർ സി.പി. ജിനേഷ് കുമാർ, വനിത സി.ഇ.ഒ എം. മേഘ, കെ.എ. ബദർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ റിമാന്റ് ചെയ്തു.

Similar Posts