ഭീഷണിപ്പെടുത്തി ലഹരിക്കടത്തിനുപയോഗിച്ചെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; പ്രതിയെ വിട്ടയച്ചതിൽ പ്രതിഷേധം ശക്തം
|പ്രതിയായ അദ്‍നാനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു
കോഴിക്കോട്: അഴിയൂരിൽ പെൺകുട്ടിയെ മയക്കുമരുന്ന് കാരിയറാക്കിയയാളെ പൊലീസ് വിട്ടയച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ചോമ്പാല പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഭീഷണിപ്പെടുത്തി ലഹരിക്കടത്തിനുപയോഗിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞത്.
'ഭീഷണിപ്പെടുത്തിയാണ് ലഹരി മാഫിയ തന്നെ കേരിയറാക്കി മാറ്റിയത്. ഗതികെട്ട് സ്‌കൂൾ ബാഗിലുൾപ്പെടെ ലഹരി വിവിധ കേന്ദ്രങ്ങളിലെത്തിച്ചു. ഒടുവിൽ എംഡിഎംഎ എന്ന രാസലഹരിക്ക് അടിമയായി'... ഇങ്ങനെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ല. അഴിയൂർ സ്വദേശി അദ്‍നാനെ പ്രതിയാക്കി പോലീസ് കേസെടുത്തു. അദ്‌നാനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.പൊലീസിന്റെ കൃത്യവിലോഭം ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ചോമ്പാല പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്
പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം മൂലമാണ് പ്രതിയെ വിട്ടയച്ചതെന്നാണ് പൊലീസ് വിശദീകരണം. പല പെൺകുട്ടികളും ലഹരിമാഫിയയുടെ കെണിയിലാണെന്ന് അറിയിച്ചിട്ടും സ്‌കൂൾ അധികൃതർ കാര്യമായി ഇടപെട്ടില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.