വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം; കർശന പരിശോധന നടത്തുമെന്ന് മന്ത്രി
|എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.എസ്.എസ് എന്നിവയുടെ അടിയന്തര യോഗം വിളിക്കും. ശക്തമായ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം കണ്ടെത്താൻ സർക്കാർ വ്യാപക പരിശോധനക്കൊരുങ്ങുന്നു. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.എസ്.എസ് എന്നിവയുടെ അടിയന്തര യോഗം വിളിക്കും. ശക്തമായ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം വരുന്നത്.
സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് കണ്ണൂരിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. പ്രണയം നടിച്ച് ലഹരി നൽകിയ ശേഷം ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു. സഹപാഠികൾ അടക്കം 11 പെൺകുട്ടികൾ മയക്കുമരുന്ന് മാഫിയയുടെ വലയിൽ പെട്ടതായും പെണ്‍കുട്ടി മീഡിയവണിനോട് വെളിപ്പെടുത്തി. മാനസിക സമ്മർദം കുറയുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആദ്യം കഞ്ചാവ് അടക്കമുളള ലഹരി മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ശേഷം ലൈംഗിക ചൂഷണവും ക്രൂരമായ ശാരീരിക പീഡനങ്ങളും നടന്നെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തല്‍.
സംഭവത്തില്‍ പൊലീസിനെതിരെയും പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതായും പ്രതിയായ സഹപാഠിയുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നുമാണ് പെൺകുട്ടിയുടെ കുടുംബത്തിന്‍റെ ആരോപണം.
നഗര പരിധിയിലുളള കക്കാട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്നുകളുടെ വിതരണം നടക്കുന്നത്. പൊലീസിൽ പരാതി നൽകിയ ശേഷം ലഹരി മാഫിയ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ആത്മഹത്യാ പ്രവണത കാട്ടിയ പെൺകുട്ടിയെ വയനാട്ടിലെ ലഹരിമുക്ത കേന്ദ്രത്തിൽ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.