മദ്യപസംഘം ഓടിച്ച കാറിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്; 15 ഓളം ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു
|അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോകാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞുവെച്ചാണ് പൊലീസിൽ ഏൽപ്പിച്ചത്
തിരുവനന്തപുരം: മദ്യപസംഘം ഓടിച്ച കാറിടിച്ച് തിരുവനന്തപുരത്ത് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെ ആര്യനാടിന് സമീപം പനയ്‌ക്കോടാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ ഒരാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇന്നോവ കാർ കാൽനടക്കാരനായ തുളസീധരനെ ഇടിച്ചുവീഴ്ത്തി. ഇയാളെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഐസിയുവിൽ ചികിത്സയിലാണ് തുളസീധരൻ. കൂലിപ്പണിക്കാരനായ ഇയാൾ കുളപ്പട സ്വദേശിയാണ്.
മദ്യപ സംഘം ഓടിച്ച കാര്‍ തിനഞ്ചോളം ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചു. വാഹനമോടിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ചിരുന്ന നെടുമങ്ങാട് സ്വദേശിയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മദ്യപിച്ചിരുന്നു.
വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും ഇന്നോവ ഇടിച്ചുതെറിപ്പിച്ചു. അമിതവേഗതയിലാണ് കാർ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിനുള്ളിൽ നിന്നും മദ്യകുപ്പികളും ഭക്ഷണവും കണ്ടെത്തി. നെടുമങ്ങാട് സ്വദേശിയുടെതാണ് കാർ. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോകാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞുവെച്ചാണ് പൊലീസിൽ ഏൽപ്പിച്ചത്.