സ്കൂളിലെ ലഹരിവിരുദ്ധ പരിപാടിയിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ
|അധ്യാപകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു
ഇടുക്കി: സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ. വാഗമൺ കോട്ടമല ഗവൺമെൻറ് എൽപി സ്കൂൾ അധ്യാപകൻ വിനോദിനെതിരെയാണ് നടപടി. നവംബർ പതിനാലിന് സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയിൽ മദ്യപിച്ചെത്തിയതിനാണ് നടപടി.
പരിപാടിക്കിടെ ഇയാള്‍ പിടിഎ പ്രസിഡന്റുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വൈദ്യ പരിശോധന നടത്തുകയും പരിശോധനയില്‍ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
അധ്യാപകനന്റെത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് അവമതിപ്പ് ഉണ്ടാക്കി എന്നുമാണ് വിദ്യാഭ്യാസ വകുപ്പിൻറെ വിലയിരുത്തൽ. പൊലീസിൻറെ എഫ്ഐആറും പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണ റിപ്പോർട്ടും പരിഗണിച്ചാണ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി.