Kerala
ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച് നൃത്തം; എസ്.എഫ്.ഐ തിരു. ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും നീക്കി
Kerala

ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച് നൃത്തം; എസ്.എഫ്.ഐ തിരു. ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും നീക്കി

Web Desk
|
24 Dec 2022 11:25 AM GMT

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും പരാതി ലഭിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച് പൊതുവിടത്തിൽ നൃത്തം ചെയ്ത സംഭവം വിവാദമായതോടെ എസ്.എഫ്.ഐയിൽ കൂടുതൽ നേതാക്കൾക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും നീക്കി. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥനെയും പ്രസിഡന്റ് ജോബിൻ ജോസിനെയുമാണ് നീക്കിയത്.

ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഗോകുൽ മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നവംബര്‍ 11നായിരുന്നു സംഭവം. അന്ന് ജില്ലയില്‍ എസ്.എഫ്.ഐ ലഹരിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.

ജില്ലാ നേതാക്കളായിരുന്നു പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നത്. അതിനു ശേഷം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ യൂണിവേഴ്‌സിറ്റി കോളജിലേത്തി മദ്യപിച്ച് പൊതുനിരത്തില്‍ നൃത്തം ചെയ്യുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്തിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി.

നേരത്തെ, ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നിന്ന് അഭിജിത്തിനെ പുറത്താക്കിയിരുന്നു.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തും ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞയാഴ്ച സി.പി.എം ജില്ലാ ഓഫിസിൽ ചേർന്ന എസ്.എഫ്.ഐ ജില്ലാ ഫാക്ഷൻ യോഗത്തിലും വനിതാ നേതാക്കൾ അഭിജിത്തിനെതിരെ ഉന്നയിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളും ആരോപിക്കപ്പെടുന്നുണ്ട്.

ഇന്നലെ ചേർന്ന നേമം ഏരിയാ കമ്മിറ്റി യോഗം അഭിജിത്തിനെ തരംതാഴത്താൻ തീരുമാനിച്ചിരുന്നു. ഏരിയാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനിച്ചത്.

Similar Posts