ദം ദം ബിരിയാണി കോണ്ടസ്റ്റ്: ഗ്രാൻഡ് ഫിനാലെ നാളെ കോഴിക്കോട് ബീച്ചിൽ
|സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവർ വിധി നിർണയിക്കും
കോഴിക്കോട്: ‘മാധ്യമം കുടുംബം’ റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരം ‘ദം ദം ബിരിയാണി കോണ്ടസ്റ്റി’ന്റെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച കോഴിക്കോട് ബീച്ചിൽ. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന കലാശപ്പോരിൽ സെമി ഫൈനൽ വിജയികളായ 15 മത്സരാർഥികൾ രുചിപ്രേമികൾക്ക് മുന്നിൽ ബിരിയാണി തയാറാക്കും.
സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവർ വിധി നിർണയിക്കും. ഫൈനലിസ്റ്റുകളിൽനിന്ന് കേരളം കാത്തിരിക്കുന്ന മലബാറിന്റെ ‘ബിരിയാണി ദം സ്റ്റാറി’നെ തിരഞ്ഞെടുക്കും.
കണ്ണൂർ (കാസർകോട്, കണ്ണൂർ), മലപ്പുറം (മലപ്പുറം, പാലക്കാട്), കോഴിക്കോട് (കോഴിക്കോട്, വയനാട്) എന്നിങ്ങനെ മൂന്ന് റീജ്യനുകളിലായിരുന്നു സെമി ഫൈനൽ. ഇതിൽ ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത അയ്യായിരത്തോളം പേരിൽനിന്ന് തിരഞ്ഞെടുത്ത 50 പേർ വീതമായിരുന്നു മത്സരിച്ചത്.
എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എൽ.എ, ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹീം, സി.ഇ.ഒ പി.എം. സാലിഹ്, ഡോ. ബോബി ചെമ്മണ്ണൂർ തുടങ്ങിയവർ സംബന്ധിക്കും.
ബിരിയാണിയുടെ പെരുന്നാളിന് സാക്ഷിയാവാനെത്തുന്ന രുചിപ്രേമികൾക്ക് കാതിന് ഇമ്പമേകുന്ന സംഗീതം ആസ്വദിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന ബിരിയാണികളും രുചിക്കാം. മത്സരവേദിക്കരികിൽ പ്രത്യേകം തയാറാക്കിയ ഫുഡ് സ്റ്റാളിൽ കല്ലുമ്മക്കായ, ചെമ്മീൻ, കാട, ചിക്കൻ, ബീഫ്, മത്സ്യം ഉൾപ്പെടെയുള്ള രുചിയൂറും ബിരിയാണികളും ലഭ്യമാവും. വൈകീട്ട് 5 ഓടെ ജാസിം ജമാലും വേദ മിത്രയും നയിക്കുന്ന മ്യൂസിക് നൈറ്റും അരങ്ങേറും. പരിപാടിയുടെ ഭാഗമായി സെൽഫി കോണ്ടസ്റ്റ്, ഫൺ ഗെയിംസ് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകൾ ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നുണ്ട്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.