ഉത്ര വധക്കേസ്; പാമ്പിനെ കൊണ്ടു കടിപ്പിക്കുന്ന ഡമ്മി പരിശോധനയുടെ ദൃശ്യങ്ങള്‍ പുറത്ത്
|കേട്ടുകേൾവിയില്ലാത്ത വിധം നടന്ന കൊലപാതകത്തിന്റെ നിർണായക പരിശോധന ദൃശ്യങ്ങളാണ് പുറത്തു വന്നത്
കൊല്ലത്തെ ഉത്രാ വധക്കേസിൽ അസാധാരണ തെളിവെടുപ്പുമായി അന്വേഷണ സംഘം. പാമ്പിനെ കൊണ്ടു കടിപ്പിക്കുന്നതിന്റെ ഡമ്മി പരിശോധയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. കഴിഞ്ഞ വർഷം ആഗസ്തിലാണ് ഡമ്മി പരിശോധന നടന്നത്. പ്രോസിക്യൂഷൻ തെളിവായി ഈ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു.
കേട്ടുകേൾവിയില്ലാത്ത വിധം നടന്ന കൊലപാതകത്തിന്റെ നിർണായക പരിശോധന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കഴിഞ്ഞ വർഷം വനം വകുപ്പിന്റെ അരിപ്പ സ്റ്റേറ്റ് ട്രെയിംനിംഗ് സെന്റിലായിരുന്നു ഡമ്മി പരിശോധന. അന്വേഷണ ഉദ്യോഗസ്ഥൻ, തഹസിൽദാർ, സർപ്പ പഠന വിദഗ്ധന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. കൃത്രിമ കയ്യില്‍ ഇറച്ചി കഷണം കടിപ്പിച്ചായിരുന്നു പരിശോധന.
ഉത്രയുടെ കയ്യില്‍ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. ഇത്രയും അകലത്തിൽ സ്വാഭാവികമായി പാമ്പ് കടിക്കാറില്ല. രണ്ട് മുറിവുകളും തമ്മിലുള്ള ആഴ വ്യത്യാസം കണ്ടെത്തിയ അന്വേഷണ സംഘം കൊലപാതകമെന്നത് ഉറപ്പിക്കുകയായിരുന്നു. ഇക്കാര്യങ്ങളും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. അന്തിമ വാദം നടക്കുന്ന ഉത്രക്കേസിൽ അടുത്ത മാസം വിധി പറഞ്ഞേക്കും.