Kerala
during malabar rebellion, hindu homes attacked by british dressed as muslims
Kerala

മലബാർ സമരകാലത്ത് ഹിന്ദുവീടുകൾ ആക്രമിച്ചത് മുസ്‌ലിം വേഷം ധരിച്ച ബ്രിട്ടീഷുകാർ: അലക്‌സാണ്ടർ ജേക്കബ്‌

Web Desk
|
8 July 2023 1:08 PM GMT

ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ തകർത്തെന്ന കള്ളം പ്രചരിപ്പിച്ചതും ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമാണെന്ന് അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു.

കൊല്ലം: ഹിന്ദു- മുസ്​ലിം ഭിന്നത സൃഷ്ടിക്കാൻ മലബാർ സമരകാലത്ത്​ മുസ്​ലിം വേഷം ധരിച്ച ബ്രിട്ടീഷുകാരാണ്​ ഹിന്ദുവീടുകൾ ആക്രമിച്ചതെന്ന്​ മുൻ ഡി.ജി.പി അലക്​സാണ്ടർ ജേക്കബ്​. രാജ്യത്തെ കീഴടക്കാനും സ്വത്തുക്കൾ കൊള്ളചെയ്യാനും തുടക്കം മുതൽ തന്നെ ബ്രിട്ടീഷുകാർ ഈ ഭിന്നിപ്പിന്‍റെ വഴികളാണ്​ തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രാധിപർ ടി.കെ. നാരായണൻ ഫൗണ്ടേഷന്‍റെ മാധ്യമ പുരസ്കാര സമർപ്പണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുൻ ഡി.ജി.പി

ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ തകർത്തെന്ന കള്ളം പ്രചരിപ്പിച്ചതും ഇന്ത്യയിൽ നാലു ജാതിമാത്രമായിരുന്ന ഹൈന്ദവരെ 7500 ജാതികളാക്കിയതും കേരളത്തിൽ തന്നെ നായന്മാരെ 58 ജാതികളാക്കിയതും മുഹമ്മദലി ജിന്നയെ പോലുള്ള നിരീശ്വര വാദിയെ ഉപയോഗിച്ച്​ മുസ്​ലിം ലീഗ്​ രൂപീകരിച്ച്​ പാകിസ്താൻ വാദം സൃഷ്ടിച്ചതുമെല്ലാം ബ്രിട്ടീഷ്​ തന്ത്രത്തിന്‍റെ ഭാഗമാണ്​. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് തടയിടാൻ ഇന്ത്യാ രാജ്യത്തെ ഒന്നായിക്കണ്ടുള്ള സ്വാതന്ത്ര്യ സമരത്തിന്​ നിലകൊണ്ട വ്യക്തിയാണ്‌ പത്രാധിപർ ടി.കെ. നാരായണനെന്ന്​ അലക്​സാണ്ടർ ജേക്കബ്​ പറഞ്ഞു.

വ്യക്​തിത്വം അടിയറവെച്ച പൊലീസ്​ സേനയാണ്​ ഇന്ന്​ നമുക്കുള്ളതെന്ന്​ സമ്മേളനം ഉദ്​ഘാടനം ചെയ്ത മുൻ ജഡ്ജി ജസ്റ്റിസ്​ കെമാൽ പാഷ പറഞ്ഞു. എന്തെങ്കിലും വാർത്ത എഴുതിയാൽ അതിന്‍റെ സോഴ്​സ്​ അന്വേഷിച്ച്​ പത്രപ്രവർത്തകനെ ചോദ്യം ചെയ്യുന്ന​ പൊലീസാണ്​ ഇന്നത്തേതെന്ന് അദ്ദേഹം പറഞ്ഞു.

പത്രാധിപർ ടി.കെ. നാരായണൻ ഫൗണ്ടേഷൻ രക്ഷാധികാരിയും ടി.കെ. നാരായണന്‍റെ മകനുമായ കെ.എൻ. ബാൽ അദ്ധ്യക്ഷനായി. ഫൗണ്ടേഷൻ ചെയർമാൻ സുവർണകുമാർ, പ്രസ്​ക്ലബ്​ പ്രസിഡന്‍റ്​ ജി. ബിജു, സോമരാജൻ, സുരേഷ്​ ബാബു എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ ഇലങ്കത്ത്​ അവാർഡ്​ ഏറ്റുവാങ്ങി.

Similar Posts