Kerala
പൊതുവേദിയിൽ പെൺകുട്ടികളെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്ത തിരുത്തണം- ഡി.വൈ.എഫ്.ഐ
Kerala

'പൊതുവേദിയിൽ പെൺകുട്ടികളെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്ത തിരുത്തണം'- ഡി.വൈ.എഫ്.ഐ

Web Desk
|
12 May 2022 1:03 PM GMT

മിടുക്കിയായ ഒരു പെണ്‍കുട്ടിക്ക് കയറിക്കൂടാത്ത വേദികൾ നവോത്ഥാന കേരളമെന്ന പേരിന് തന്നെ കളങ്കമാണെന്നും ഡി.വൈ.എഫ്.ഐ.

പൊതുവേദിയിൽ പെൺകുട്ടികളെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്ത നേതൃത്വം തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ. മലപ്പുറം പെരിന്തല്‍മണ്ണയിലെ മദ്​റസ വാര്‍ഷിക പരിപാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാൻ ക്ഷണിച്ചപ്പോള്‍ സമസ്ത നേതാവ് അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടായത്.

സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാര്‍ മുസ്‍ലിം പെൺകുട്ടികൾ പൊതുരംഗത്ത് നിന്നും മാറി നിൽക്കണമെന്ന പിന്തിരിപ്പൻ ചിന്താഗതിയാണ് മുന്നോട്ട് വെക്കുന്നതെന്നും സ്ത്രീകൾ ബഹിരാകാശം വരെ കീഴടക്കിയ ഒരു കാലത്ത് അവരെ മറയ്ക്കുള്ളിൽ ഇരുത്താനുള്ള ആഹ്വാനം പരിഹാസ്യവും അപരിഷ്കൃതവുമാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഏറെ മുന്നേറിയ മുസ്‍ലിം പെൺകുട്ടികൾ, സമരപോരാട്ടങ്ങളിൽ പോലും നേതൃത്വപരമായ പങ്കു വഹിക്കുന്ന കാലഘട്ടമാണിതെന്നും ഡി.വൈ.എഫ്.ഐ ഓര്‍മിപ്പിച്ചു. മിടുക്കിയായ ഒരു പെണ്‍കുട്ടിക്ക് കയറിക്കൂടാത്ത വേദികൾ നവോത്ഥാന കേരളമെന്ന പേരിന് തന്നെ കളങ്കമാണ്. പൗരത്വ നിയമ പ്രക്ഷോഭ കാലത്തും, ഡൽഹിയിലെ ബുൾഡോസർ രാജിന് മുന്നിലും വീറോടെ മുദ്രാവാക്യം വിളിച്ചു പൊരുതി നിന്നത് അനേകം പെൺകുട്ടികളാണ്. നമ്മൾ അവരെ ആവേശത്തോടെ അംഗീകരിച്ചതാണ്. നൊബേൽ സമ്മാനം നേടിയ മാലാലയെ പോലുള്ള പെൺ കുട്ടികൾ ലോകത്തിന് തന്നെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. അവിടെയാണ് മത്സര വിജയം നേടിയ ഒരു പെൺ കുട്ടിയെ പൊതു വേദിയിൽ വിലക്കുന്ന മതനേതൃത്വം അപഹാസ്യമാകുന്നത്. ഡി.വൈ.എഫ്.ഐ കൂട്ടിച്ചേര്‍ത്തു.


പൊതുവേദിയിലേക്ക് ക്ഷണിച്ച് പുരസ്കാരം നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയെ സമസ്ത നേതാവ് അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഘാടകർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുകയും പെൺകുട്ടി എത്തി പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെതിരെ സമസ്ത നേതാവ് അവിടെ വെച്ച് തന്നെ ക്ഷുഭിതനാകുകയായിരുന്നു. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ എന്ന് ചോദിച്ച നേതാവ്, രക്ഷിതാവിനോട് വരാൻ പറയൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ പുറത്തായതോടെ ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

എ.എ റഹീമിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

*പൊതുവേദിയിൽ പെൺകുട്ടികളെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്ത നേതൃത്വം തിരുത്തണം*: *ഡിവൈഎഫ്ഐ*

വിദ്യാഭ്യാസ നേട്ടത്തിന് ഉപഹാരം വാങ്ങാൻ സ്റ്റേജിലേക്ക് കയറിയ പത്താം തരം വിദ്യാർത്ഥിനിയെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്ത നേതൃത്വം തിരുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമസ്ത നേതാവ് എം ടി അബ്ദുല്ല മുസ്ലിയാർ മുസ്ലിം പെൺകുട്ടികൾ പൊതുരംഗത്ത് നിന്നും മാറി നിൽക്കണമെന്ന പിന്തിരിപ്പൻ ചിന്താഗതിയാണ് മുന്നോട്ട് വെക്കുന്നത്. സ്ത്രീകൾ ബഹിരാകാശം വരെ കീഴടക്കിയ ഒരു കാലത്ത് അവരെ മറയ്ക്കുള്ളിൽ ഇരുത്താനുള്ള ആഹ്വാനം പരിഹാസ്യവും അപരിഷ്കൃതവുമാണ്. പെൺകുട്ടികളെ വിലക്കിയ വേദിയിൽ സമസ്ത നേതാവിനോടൊപ്പം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ കൂടിയുണ്ടായിരുന്നു എന്നത് ആ പാർട്ടിയുടെ സ്ത്രീവിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണ്. മുമ്പ് വനിതാ ലീഗ് നേതാവ് പൊതു വേദിയിൽ പ്രസംഗിക്കാൻ ശ്രമിച്ചപ്പോൾ അത് വിലക്കിയ മായിൻ ഹാജിയുടെ അഭിപ്രായം ശരി വെച്ചവരാണ് മുസ്ലിം ലീഗ് നേതൃത്വം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഏറെ മുന്നേറിയ മുസ്ലിം പെൺകുട്ടികൾ, സമരപോരാട്ടങ്ങളിൽ പോലും നേതൃത്വപരമായ പങ്കു വഹിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.മിടുക്കിയായ ഒരു പത്താം തരം ബാലികയ്ക്ക് കയറിക്കൂടാത്ത വേദികൾ നവോത്ഥാന കേരളമെന്ന പേരിന് തന്നെ കളങ്കമാണ്. പൗരത്വ നിയമ പ്രക്ഷോഭ കാലത്തും, ഈ കഴിഞ്ഞ ദിനങ്ങളിൽ ഡൽഹിയിൽ ബുൾഡോസർ രാജിന് മുന്നിലും വീറോടെ മുദ്രാവാക്യം വിളിച്ചു പൊരുതി നിൽക്കുന്ന അനേകം പെൺ കുട്ടികളെ നമ്മൾ കണ്ടതാണ്. നമ്മൾ അവരെ ആവേശത്തോടെ അംഗീകരിച്ചതാണ്. നൊബേൽ സമ്മാനം നേടിയ മാലാലയെ പോലുള്ള പെൺ കുട്ടികൾ ലോകത്തിന് തന്നെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. അവിടെയാണ് മത്സര വിജയം നേടിയ ഒരു പെൺ കുട്ടിയെ പൊതു വേദിയിൽ വിലക്കുന്ന മതനേതൃത്വം അപഹാസ്യമാകുന്നത്. സ്ത്രീ വിരുദ്ധവും - അപരിഷകൃതവുമായ ഇത്തരം നടപടികൾ പുരോഗമന കേരളത്തിന് യോജിച്ചതല്ല. അത്തരം പിന്തിരിപ്പൻ ചിന്തകൾ തിരുത്താൻ മത-സംഘടനാ നേതൃത്വങ്ങൾ തന്നെ തയ്യാറാകണന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Similar Posts