പുഷ്പന് ഡിവൈഎഫ്‌ഐ യുടെ സ്‌നേഹ വീട്; മുഖ്യമന്ത്രി താക്കോൽ കൈമാറി
|ചൊക്ലി മനപ്രത്തെ തറവാട് വീടിനോട് ചേർന്നാണ് പുതിയ ഇരുനില വീട് പണി കഴിപ്പിച്ചത്.
കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് ഡിവൈഎഫ്‌ഐ നിർമ്മിച്ചു നൽകിയ സ്‌നേഹ വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചൊക്ലി മനപ്രത്തെ തറവാട് വീടിനോട് ചേർന്നാണ് പുതിയ ഇരുനില വീട് പണി കഴിപ്പിച്ചത്.
കിടപ്പിലായ പുഷ്പന്റെ ശാരീരികാവസ്ഥയ്ക്ക് ചേർന്ന വിധമാണ് വീട് ഒരുക്കിയത്. ആധുനിക സംവിധാനമുള്ള കട്ടിൽ മുറ്റത്തേക്ക് ഇറക്കുന്നതിനായി പ്രത്യേക ഗ്ലാസ് വാതിൽ സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുതിയ വീടിന്റ താക്കോൽ ഏറ്റുവാങ്ങാൻ കഴിയുന്നതിൽ സന്തോഷമെന്ന് പുഷ്പൻ പറഞ്ഞു.
ഡിവൈഎഫ്‌ഐയുടെ വിവിധ ഘടകങ്ങളിൽ നിന്നാണ് വീടിനുള്ള തുക കണ്ടെത്തിയത്. മന്ത്രി മുഹമ്മദ് റിയാസ്, എം വിജിൻ എംഎൽഎ, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം തുടങ്ങിയവരും പങ്കെടുത്തു.
1994 നംവബര്‍ 25ന് കൂത്തുപറമ്പിൽ ഉണ്ടായ വെടിവെപ്പിലാണ് പുഷ്പന് വെടിയേൽക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പൻ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പുണ്ടാകുകയായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ എന്നീ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെടിവെപ്പില്‍ മരിച്ചു.