'സുരേന്ദ്രന്റെ വായിലെ മാലിന്യം ചൂല് കൊണ്ട് തൂത്താലും പോകില്ല': ചിന്തയെ അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ
|'കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റേയും ആ രാഷ്ട്രീയ പാർട്ടിയുടേയും സംസ്കാരത്തെ സൂചിപ്പിക്കുന്നതാണ്'
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ നടത്തിയ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കും വിധം അധിക്ഷേപകരമാണെന്ന് ഡി.വൈ.എഫ്.ഐ. സുരേന്ദ്രന്റെ വായിൽ കൂടി പ്രവഹിക്കുന്ന മാലിന്യം ചൂല് കൊണ്ട് തൂത്താൽ പോവാത്തതാണ്. കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റേയും ആ രാഷ്ട്രീയ പാർട്ടിയുടേയും സംസ്കാരത്തെ സൂചിപ്പിക്കുന്നതാണ്. കെ.സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നും അൺപാർലമെന്‍ററിയായ കാര്യങ്ങളാണ് ചിന്ത ചെയ്യുന്നതെന്നുമാണ് കെ സുരേന്ദ്രൻ പറഞ്ഞത്. കൊല്ലത്ത് ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്‍റെ പരാമര്‍ശം. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്മെന്‍റാണിതെന്നും ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിലും പരാതി നൽകുകയും ചെയ്തു. പിന്നാലെ അമ്മയുടെ ചികിത്സയ്ക്കായാണ് അപാര്‍ട്മെന്‍റില്‍ താമസിച്ചതെന്നും 20,000 രൂപയായിരുന്നു മാസവാടകയെന്നും ചിന്ത വിശദീകരിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവന
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചിന്ത ജെറോമിനെതിരെ നടത്തിയ പരാമർശം സ്ത്രീത്വത്തെ അവഹേളിക്കുന്നതും അധിക്ഷേപകരവുമാണ്. സുരേന്ദ്രന്റെ വായിൽ കൂടി പ്രവഹിക്കുന്ന മാലിന്യം ചൂല് കൊണ്ട് തൂത്താൽ പോവാത്തതാണ്. നിക്ഷിപ്ത താൽപര്യത്തിന് വേണ്ടി മാധ്യമ സഹായത്തോടെ പൊതുബോധം നിർമിച്ചെടുക്കുകയും അതുവഴി വ്യക്തികളെ തേജോവധം ചെയ്യുകയുമാണ്.
ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവ് എന്ന നിലയിൽ കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റേയും ആ രാഷ്ട്രീയ പാർട്ടിയുടേയും സംസ്കാരത്തെ സൂചിപ്പിക്കുന്നതാണ്. സ്ത്രീത്വത്തെ അപമാനിക്കും വിധം അധിക്ഷേപകരമായ പ്രസ്താവന നടത്തിയ കെ.സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.