ആക്രി പെറുക്കി വിറ്റ് സമാഹരിച്ച തുകയില്‍ 1546 മൊബൈൽ ഫോണുകൾ വിദ്യാര്‍ഥികള്‍ക്ക് നല്‍കി ഡി.വൈ.എഫ്.ഐ
|മീൻ വിൽപ്പന, ബിരിയാണി ചലഞ്ച്, വെട്ടുകല്ല് ലോഡിങ് തുടങ്ങിയ മാർഗങ്ങളിലൂടെയും ഫോണിനായി പണം കണ്ടെത്തി
ആക്രി സാധനങ്ങൾ പെറുക്കി വിറ്റതിലൂടെയും മറ്റും സമാഹരിച്ച തുക കൊണ്ട് 1546 മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകി ഡി.വൈ.എഫ്.ഐ. കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്മാർട്ട്ഫോൺ ചലഞ്ചിന് ഭാഗമായിട്ടാണ് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിദ്യാർഥികൾക്ക് നൽകിയത്.
പത്രം മുതൽ പ്ലാസ്റ്റിക് കുപ്പി വരെ പെറുക്കി വിറ്റാണ് ഡി.വൈ.എഫ്.ഐ 1546 വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകിയത്. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന 1000 കുട്ടികൾക്ക് മൊബൈൽഫോൺ നൽകാനാണ് ഡി.വൈ.എഫ്.ഐ ലക്ഷ്യമിട്ടത്. എന്നാൽ 'സ്‌മാർട്ട് ഫോൺ ചലഞ്ചി'ലൂടെ 1546 മൊബൈൽഫോണുകൾ സമാഹരിച്ച് നൽകാനായി. ജില്ലയിലെ 12 ബ്ലോക്ക് കമ്മിറ്റികളുടെയും 120 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരുന്നു സ്മാർട് ഫോൺ ചലഞ്ച് ഏറ്റെടുത്ത് നടപ്പാക്കിയത്. ഒരു കോടി 22 ലക്ഷം രൂപ ചെലവിട്ടാണ് മൊബൈൽ ഫോണുകൾ വാങ്ങിയത്. കോട്ടയത്ത് നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ വാസവൻ മൊബൈൽ ഫോണുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
മീൻ വിൽപ്പന, ബിരിയാണി ചലഞ്ച്, വെട്ടുകല്ല് ലോഡിങ് തുടങ്ങിയ മാർഗങ്ങളിലൂടെയും ഫോണിനായി പണം കണ്ടെത്തിയിരുന്നു. കോവിഡ് ബാധിതരായ വിദ്യാർഥികളെ പരീക്ഷാഹാളിൽ എത്തിക്കാനും രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനുമായി 486 സ്‌നേഹവണ്ടികൾ ഒരുക്കിയതിനു പിന്നാലെയാണ് ഫോൺ ചലഞ്ചും ഡി.വൈ.എഫ്.ഐ ഏറ്റെടുത്തത്.