കാട്ടാക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐക്കാരും തമ്മില്‍ ഏറ്റുമുട്ടി; കരിങ്കൊടി കാണിച്ചവര്‍ക്ക് മര്‍ദനം
|യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. നവകേരള ബസ് കടന്നുപോയതിന് പിന്നാലെയാണ് പൊലീസ് സാന്നിധ്യത്തിൽ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐക്കാര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ സി.പി.എം ആക്രമണമുണ്ടായി. മിനിറ്റുകൾക്കുള്ളിൽ സി.പി.എം കൗൺസിലറുടെ വീട് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട്ട് ഇന്നലെ രാത്രിയായിരുന്നു ഇരുസംഭവങ്ങളും.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീട് അമ്പതോളം വരുന്ന സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന സുഹൈലിന്‍റെ കുടുംബാംഗങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. മിനിറ്റുകൾക്കുള്ളിൽ കോൺഗ്രസിന്‍റെ തിരിച്ചടി. സി.പി.എം കൗൺസിലറും ആറ്റിങ്ങല്‍ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എ. നജാമിന്റെ വീടിന് നേർക്കാണ് ആക്രമണമുണ്ടായത്.
തലസ്ഥാനത്ത് നിരന്തരം സംഘർഷങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തിരിച്ചടിക്കുന്നത് പ്രതിരോധ പ്രവർത്തനം എന്നായിരുന്നു യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്‍റെ മറുപടി.വീഴ്ചകൾ മറച്ചുവെയ്ക്കാനുള്ള കലാപശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നായിരുന്നു സി.പി.എം എം.എൽ.എ വി.കെ പ്രശാന്തിന്റെ പ്രതികരണം.ആറ്റിങ്ങലിൽ സി.പി.എം പ്രവർത്തകർ അക്രമം നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.