Kerala
കള്ളക്കടത്തുകാർക്ക് ലൈക്ക് ചെയ്യുന്നവർ അത് തിരുത്തണം അര്‍ജ്ജുന്‍ ആയങ്കിയടക്കമുള്ള ഗൂഢ സംഘങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ
Kerala

'കള്ളക്കടത്തുകാർക്ക് ലൈക്ക് ചെയ്യുന്നവർ അത് തിരുത്തണം' അര്‍ജ്ജുന്‍ ആയങ്കിയടക്കമുള്ള ഗൂഢ സംഘങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ

Web Desk
|
26 Jun 2021 4:26 AM GMT

'ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവർ 'നേതാക്കളായി' മാറി...'ക്വട്ടേഷൻ സംഘങ്ങളെ തള്ളി ഡിവൈഎഫ് ഐ നേതാവിന്‍റെ ഫേസ്ബുക് പോസ്റ്റ്

ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജര്‍. പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത പലരും സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ കബളിപ്പിച്ച് നേതാക്കളായി മാറുകയാണെന്നും കള്ളക്കടത്തുകാർക്ക് ലൈക്ക് ചെയ്യുന്നവർ അത് തിരുത്തണമെന്നും ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാമനാട്ടുകര സ്വര്‍ണ്ണകവര്‍ച്ച കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ സി.പി.എം ബന്ധം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി തന്നെ ഇത്തരം സംഘങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.

കണ്ണൂരിന് പുറത്തുള്ളവർ സോഷ്യൽ മീഡിയ വഴി ഇത്തരം ആള്‍ക്കാരുടെ ഫാൻസ് ലിസ്റ്റിൽ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്. അവരില്‍ പലര്‍ക്കും ഇതുവരെ സത്യം ബോധ്യമായിട്ടില്ല, കള്ളക്കടത്തുകാർക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്നേഹ ആശംസ അർപ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഷാജര്‍ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോൾ തന്നെ വിവിധ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ കാൽനട ജാഥകൾ സംഘടിപ്പിച്ചതായും ഷാജര്‍ പറഞ്ഞു. ലഹരി-ക്വട്ടേഷന്‍-കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടത്തിയ ജാഥയുടെ ചിത്രവും ഷാജര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടിയെന്ന് ചോദിച്ച് ആരംഭിക്കുന്ന ഫേസ്ബുക് കുറിപ്പില്‍, ഏത് നിറമുള്ള പ്രൊഫൈൽ വെച്ചാലും അവർക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.


ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി എം. ഷാജറിന്‍റെ ഫേസ്ബുക് കുറിപ്പ്

പാർട്ടിയൊ,

ആര് ?

പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേർന്ന് ക്വട്ടേഷനും,

സ്വർണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരൊ ?

കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടി,

ഏത് നിറമുള്ള പ്രൊഫയിൽ വെച്ചാലും അവർക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്.

സോഷ്യൽ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കുവാൻ എളുപ്പമാണ്.

ഇവിടെ നമ്മൾ കാണുന്നതും അത്തരം രീതി തന്നെയാണ്.

ചുവന്ന പ്രൊഫയിൽ വെച്ച് ആവേശം വിതറുന്ന തലക്കെട്ടിൽ തരാതരം ഫോട്ടോകൾ പോസ്റ്റ് ചെയ്താൽ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയിൽ എത്തിക്കാം.

ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവർ 'നേതാക്കളായി' മാറി.

പകൽ മുഴുവൻ ഫെയ്സ് ബുക്കിലും,രാത്രിയിൽ നാട് ഉറങ്ങുമ്പോൾ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങൾ'.

കണ്ണൂരിന് പുറത്തുള്ളവർ സോഷ്യൽ മീഡിയ വഴി ഇവരുടെ ഫാൻസ് ലിസ്റ്റിൽ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്.

ഇപ്പൊഴും അവരിൽ ചിലർക്ക് ബോധ്യമായില്ല എന്ന് തോന്നുന്നു.

കള്ളക്കടത്തുകാർക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്നേഹ ആശംസ അർപ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പിന്നീട് അപമാനിതരാകാതിരിക്കാൻ ഫാൻസ് ക്ലബ്ബുകാർ സ്വയം പിരിഞ്ഞ് പോവുക.

നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ

പ്രസ്ഥാനവുമായി ഇവർക്ക് ഒരു ബന്ധവും ഇല്ല.

ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോൾ തന്നെ, ഇത്തരം സംഘങ്ങളുടെ കേന്ദ്രങ്ങളിൽ DYFl കാൽനട ജാഥകൾ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്.

ഒടുവിൽ സംഘാങ്ങളുടെ പേരെടുത്ത് തന്നെ പാർട്ടി നിലപാട് പറഞ്ഞിട്ടുമുണ്ട്.

അതിനാൽ സംശത്തിന് ഇടമില്ലാതെ

യാഥാർത്ഥ്യം തിരിച്ചറിയുക.

ഇത്തരം അരാജകത്വ സംഘങ്ങളിൽ നിന്നും നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരിക.

Similar Posts