Kerala
Kerala
പത്തനംതിട്ട ലോ കോളജ് വിദ്യാർഥിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് കീഴടങ്ങി
|11 March 2024 6:14 AM GMT
ഡി.വൈ.എഫ്.ഐ നേതാവ് ജയ്‌സൺ ജോസഫ് ആണ് പത്തനംതിട്ട ഡി.വൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങിയത്.
പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജയ്‌സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
2023 ഡിസംബർ 20-നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കേസിന്റെ തുടക്കത്തിൽ തന്നെ പൊലീസ് നടപടിയിൽ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ജയ്‌സണെ ലോ കോളജിൽനിന്ന് പുറത്താക്കിയിരുന്നു. വിദ്യാർഥിനിയെ മർദിച്ച കേസിൽ പ്രതിയായിട്ടും ജയ്‌സണെ മാനേജ്‌മെന്റ് പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രിൻസിപ്പൽ ഇൻ ചാർജിനെ പൂട്ടിയിട്ടിരുന്നു. തുടർന്നാണ് ജയ്‌സണെ കോളജിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.