16 മാർക്ക് 468 ആക്കി വ്യാജരേഖ; നീറ്റ് പരീക്ഷാ ഫലത്തിൽ വൻ കൃത്രിമം, ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ
|കടയ്ക്കൽ സ്വദേശി സെമിഖാൻ (21) ആണ് അറസ്റ്റിലായത്
കൊല്ലം: എസ്എഫ്‌ഐയ്ക്ക് പിന്നാലെ ഡിവൈഎഫ്‌ഐയിലും മാർക്ക് തട്ടിപ്പെന്നാരോപണം. നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമത്വം കാട്ടിയതിന് കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിലായി. കടയ്ക്കൽ സ്വദേശി സെമിഖാൻ (21) ആണ് അറസ്റ്റിലായത്.
2021- 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായാണ് ഇയാൾ കൃത്രിമ രേഖയുണ്ടാക്കിയത്. 16 മാർക്ക് ആണ് ഇയാൾക്ക് പരീക്ഷയിൽ ലഭിച്ചിരുന്നത്. എന്നാലിത് 468 മാർക്ക് ആക്കി വ്യാജരേഖയുണ്ടാക്കി. തുടർന്ന് ബാക്കി കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചിട്ടും തനിക്ക് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി വ്യാജരേഖയുമായി കോടതിയെ സമീപിച്ചു.
കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് രേഖ കൃത്രിമമാണെന്ന് തെളിഞ്ഞത്.. ഡിവൈഎഫ്‌ഐ പ്രവർത്തകനും ബാലസംഘം കടയ്ക്കൽ കോ-ഓർഡിനേറ്ററുമായിരുന്നു സെമിഖാൻ.
29ാം തീയതിയാണ് സെമിഖാൻ അറസ്റ്റിലാകുന്നത്. സെമിഖാനെ പിടികൂടിയെങ്കിലും പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന് കെഎസ്‌യു ആരോപിച്ചു. ഇയാളുടെ അറസ്റ്റ് പൊലീസ് മറച്ചു വെച്ചുവെന്നാണ് ആരോപണം. കൊല്ലം റൂറൽ മേഖലയിലെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ കൃത്യമായി തന്നെ പൊലീസ് മാധ്യമങ്ങളെ അറിയിക്കുമായിരുന്നു. എന്നാൽ സെമിഖാനെ കോടതിയിൽ ഹാജരാക്കിയ വിവരം പ്രാദേശിക ലേഖകരെ പോലും അറിയിച്ചില്ല. ഇതിനാൽ തന്നെ കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായതായാണ് ആരോപണം. എല്ലാ വാർത്തകളും മാധ്യമങ്ങളെ അറിയിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്നും സെമിഖാന്റെ കേസിൽ വീഴ്ചയുണ്ടായത് അന്വേഷിക്കുമെന്നും കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാർ അറിയിച്ചു.