'ബി.ജെ.പി പ്രതിഷേധത്തിലെ ഡി.വൈ.എഫ്.ഐ പ്ലക്കാര്‍ഡ് മോഷ്ടിച്ചത്': പൊലീസില്‍ പരാതി
|കഴിഞ്ഞ ദിവസമാണ് വനം കൊള്ളക്കെതിരായ ബി.ജെ.പി പ്രതിഷേധത്തില്‍ ബി.ജെ.പി പ്രവര്‍ത്തക ഇന്ധന വിലവര്‍ധനക്ക് എതിരായ ഡി.വൈ.എഫ്.ഐ പ്ലക്കാര്‍ഡ് കൈയ്യില്‍ പിടിച്ചത്
വനം കൊള്ളക്കെതിരെ ബിജെപി ആറ്റിങ്ങലില്‍ നടത്തിയ പ്രതിഷേധത്തില്‍ ഉപയോഗിച്ച ഡി.വൈ.എഫ്.ഐയുടെ പ്ലക്കാര്‍ഡ് മോഷ്ടിച്ചതെന്ന് ആരോപണം. ആറ്റിങ്ങല്‍ സ്വദേശിയും ഡി.വൈ.എഫ്.ഐ സോണ്‍ യൂണിറ്റ് കമ്മിറ്റി അംഗവുമായ ശരതാണ് ബി.ജെ.പിക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.
ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി വരുന്ന ഇന്ധന വില വര്‍ധനക്കെതിരായ പ്രതിഷേധത്തിനുപയോഗിച്ച പ്ലക്കാര്‍ഡുകള്‍ ആറ്റിങ്ങല്‍ നഗരസഭാ ഓഫീസിന് സമീപം സൂക്ഷിച്ചിരുന്നു. ഇവിടെ നിന്ന് മോഷ്ടിച്ച പ്ലക്കാര്‍ഡ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപയോഗിക്കുകയും അമളി പിണഞ്ഞെന്ന് മനസിലായതോടെ വലിച്ച് കീറി നശിപ്പിച്ചെന്നുമാണ് പരാതി. ഇത്തരത്തില്‍ ഇരുപതോളം പ്ലക്കാര്‍ഡുകള്‍ മോഷണം പോയതായാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.
ഇന്ധന വില വര്‍ധന തുടരുന്ന സാഹചര്യത്തില്‍ തുടര്‍ സമരങ്ങള്‍ക്കായി പ്ലക്കാര്‍ഡുകള്‍ വീണ്ടെടുത്ത് തരണമെന്നാണ് ഡി.വൈ.എഫ്.ഐ പരാതിയില്‍ ആവശ്യപ്പെടുന്നത്. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയതായാണ് ശരത് പറയുന്നത്. എന്നാല്‍ പരാതി കിട്ടിയ വിവരം ആറ്റിങ്ങല്‍ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് വനം കൊള്ളക്കെതിരായ ബി.ജെ.പി പ്രതിഷേധത്തില്‍ ബി.ജെ.പി പ്രവര്‍ത്തക ഇന്ധന വിലവര്‍ധനക്ക് എതിരായ ഡി.വൈ.എഫ്.ഐ പ്ലക്കാര്‍ഡ് കൈയ്യില്‍ പിടിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ട് വനിതാ പ്രവര്‍ത്തകരില്‍ ഒരാളാണ് ഇത്തരത്തില്‍ അബദ്ധത്തില്‍ പ്ലക്കാര്‍ഡ് മാറി പിടിച്ചത്. 'വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക'- എന്ന പ്ലക്കാര്‍ഡ് പിടിച്ച ബി.ജെ.പി പ്രവര്‍ത്തകയുടെ തൊട്ടടുത്തുള്ള മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകയാണ് 'പെട്രോള്‍ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്ഐ' എന്ന പ്ലക്കാര്‍ഡ് ആവേശത്തോടെ പിടിച്ചത്. പ്രതിഷേധം തുടങ്ങി അധികം വൈകാതെ മാധ്യമങ്ങള്‍ വീഡിയോ പകര്‍ത്തുന്നതിനിടെ ചിരി പടര്‍ന്നപ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അബദ്ധം മനസ്സിലായത്.
അമളി തിരിച്ചറിഞ്ഞ തൊട്ടുടനെ തന്നെ ബി.ജെ.പി പ്രവര്‍ത്തക പ്ലക്കാര്‍ഡിലെ പോസ്റ്റര്‍ കീറുകയും തൊട്ടടുത്ത് പ്രതിഷേധിച്ചിരുന്ന മറ്റു ബി.ജെ.പി പ്രവര്‍ത്തകര്‍ സമീപത്തേക്കെത്തി പ്ലക്കാര്‍ഡ് വലിച്ചെറിയുകയും ചെയ്തു. ബി.ജെ.പി പ്രവര്‍ത്തക ഡി.വൈ.എഫ്.ഐ പ്ലക്കാര്‍ഡ് പിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ട്രോളുകളും പരിഹാസവുമായി രംഗത്തുവന്നിരിക്കുന്നത്.