'സംഘി ചാൻസലർ ക്വിറ്റ് കേരള'; ഗവർണർക്കെതിരെ രാജ്ഭവന് മുന്നിൽ ബാനർ കെട്ടിയും കോലം കത്തിച്ചും ഡിവൈഎഫ്ഐ പ്രതിഷേധം
|ഗവർണർ കടന്നുപോകുമ്പോൾ കാണുന്ന വിധത്തലാണ് ബാനർ കെട്ടിയിരിക്കുന്നത്.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും പ്രതിഷേധം. രാജ്ഭവന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. രാജ്ഭവനിലേക്ക് പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ബാനർ കെട്ടുകയും കോലം കത്തിക്കുകയും ചെയ്താണ് പ്രതിഷേധിച്ചത്.
പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഗവർണറുടെ കോലവുമായാണ് പ്രവർത്തകർ പ്രകടനമായെത്തിയത്. പൊലീസ് തടഞ്ഞതോടെ മുദ്രാവാക്യം വിളിച്ച് കോലം കത്തിക്കുകയായിരുന്നു. 'സംഘി ചാൻസലർ ക്വിറ്റ് കേരള' എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രകടനം. ഈ ബാനർ രാജ്ഭവന് 300 മീറ്റർ അകലെ മുകളിൽ കെട്ടുകയും ചെയ്തു.
ഗവർണർ കടന്നുപോകുമ്പോൾ കാണുന്ന വിധത്തലാണ് ബാനർ കെട്ടിയിരിക്കുന്നത്. കഴിഞ്ഞദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്ഐ കെട്ടിയ ബാനർ പൊലീസിനെ കൊണ്ട് ഗവർണർ അഴിപ്പിച്ചിരുന്നു. ഇന്ന് സെമിനാറിനെത്തിയ ഗവർണർക്കെതിരെ യൂണിവേഴ്സിറ്റിയിൽ വലിയ പ്രതിഷേധമാണ് എസ്എഫ്ഐ നടത്തിയത്.
ഇതിനു പിന്നാലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് രാത്രിയോടെ ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വൈകീട്ട് അഞ്ചരയോടെ കോഴിക്കോട് നിന്നും മടങ്ങിയ ഗവർണർ നേരെ ബംഗളൂരുവിലേക്കാണ് പോയത്. അവിടെ നിന്ന് ഇന്ന് തന്നെ മടങ്ങുന്ന ഗവർണർ രാത്രി പത്ത് മണിയോടെ തിരുവനന്തപുരത്തെത്തും. ഇതോടെ, കോഴിക്കോടിന് സമാനമായ പ്രതിഷേധം തിരുവനന്തപുരത്തും ഇന്നും നാളെയുമായി ഉണ്ടായേക്കുമെന്നാണ് സൂചന.