സി.പി.എം നേതാക്കൾ മൊഴിമാറ്റിയതാണ് തന്നെ മര്‍ദ്ദിച്ച കേസ് തോല്‍ക്കാന്‍ കാരണമെന്ന് ഇ. ചന്ദ്രശേഖരൻ
|നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനായി തുറന്ന ജീപ്പിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്
തിരുവനന്തപുരം: കഞ്ഞങ്ങാട് മർദനക്കേസിലെ മൊഴിമാറ്റത്തിൽ സി.പി.എമ്മിനെതിരെ ഇ. ചന്ദ്രശേഖരൻ. മൂന്ന് പേരുടെ കൂറുമാറ്റമാണ് തന്നെ മർദിച്ച കേസ് പരാജയപ്പെടാൻ കാരണമെന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു. നിയമസഭയിൽ നടത്തിയ വിശദീകരണത്തിലാണ് ചന്ദ്രശേഖരൻ അതൃപ്തി വ്യക്തമാക്കിയത്. സാക്ഷികൾ കൂറുമാറിയിട്ടില്ലെന്ന് സി.പി.എം എം.എൽ.എ കുഞ്ഞഹമ്മദ് കുട്ടി പറഞ്ഞിരുന്നു.
''പ്രതികളായി കോടതിയിൽ നിൽക്കുന്നവരെല്ലാം എന്നെ ആക്രമിച്ചവരുടെ മുൻനിരയിലുണ്ടായിരുന്നതായാണ് ഞാൻ മൊഴി കൊടുത്തത്. എന്നാൽ അന്വേഷണഘടത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിന് മൊഴി കൊടുത്ത പി.ഡബ്ല്യൂ 10, പി.ഡബ്ല്യൂ 11, പി.ഡബ്ല്യൂ 12 ഉൾപ്പെടെ നാല് പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണക്കിടെ കൂറുമാറി. ഈ കാര്യം കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിയേണ്ടിയിരുന്ന മേൽപ്പറഞ്ഞ സാക്ഷികൾ കൂറുമാറിയത് കേസിന് തിരിച്ചടിയായി എന്നാണ് മനസിലാക്കുന്നത്''. ഇ ചന്ദ്രശേഖരൻ സഭയിൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനായി തുറന്ന ജീപ്പിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കാസർകോഡ് അഡീഷ്ണൽ സെഷൻസ് കോടതിയിൽ വിചാരണ നടക്കുകയും ചെയ്തു. എന്നാൽ വിചാരണ വേളയിൽ സാക്ഷികൾ കൂറുമാറുകയായിരുന്നു.