ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധ: ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി
|വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്തതെന്നും കണ്ടെത്തി
കാസർകോട്: ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷ്യ സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തി. ഐഡിയൽ കൂൾബാറിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഷവർമ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയിലാണ് ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഷിഗല്ല സ്ഥിരീകരിച്ച മൂന്ന് പേരുടേതടക്കം എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
അതിനിടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ തേരട്ടയെ കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാർക്കാണ് ഉഴുന്നുവടയിൽ നിന്ന് ചത്ത തേരട്ടയെ കിട്ടിയത്. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിക്കുകയും നിരവധി വിദ്യാർഥികൾ ചികിത്സ തേടുകയും ചെയ്ത സംഭവത്തിനിടെയാണ് ഇത്.
ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ഈ ലഘുഭക്ഷണ ശാല പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ വീടുകളിൽ നിന്നും ഉണ്ടാക്കിയ വടകളാണ് ലഘുഭക്ഷണശാലയിൽ വില്‍പ്പന നടത്തുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ സ്ഥാപനം അടച്ചുപൂട്ടി.