പി.ജയരാജൻ തനിക്കെതിരെ സി.പി.എം കമ്മിറ്റിയില്‍ ആരോപണമുന്നയിച്ചത് സ്ഥിരീകരിച്ച് ഇ.പി ജയരാജൻ
|അഴിമതി ആരോപണമല്ല പി ജയരാജൻ ഉന്നയിച്ചതെന്ന് ഇ.പി ജയരാജന്
തിരുവനന്തപുരം: സി.പി.എം നേതാവ് പി.ജയരാജൻ തനിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ ആരോപണമുന്നയിച്ചത് സ്ഥിരീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അഴിമതി ആരോപണമല്ല പി ജയരാജൻ ഉന്നയിച്ചത്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ എന്നാണ് ചോദിച്ചത്. അവർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തത് ശരിയാണോ എന്നും ചോദിച്ചെന്ന് അഭിമുഖത്തിൽ ഇ.പി ജയരാജന് പറഞ്ഞു.
കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് ഇ.പി അനധികൃതമായി സമ്പാദിച്ച സ്വത്ത് കൊണ്ട് നിര്‍മിച്ചതാണെന്നായിരുന്നു പി ജയരാജന്റെ ആരോപണം. ഇക്കാര്യം സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന് ഉന്നയിക്കുകയും ചെയ്തും. എന്നാല്‍ ഇങ്ങനെയൊരു ആരോപണമില്ലെന്നും എല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. പി ജയരാജന് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇ.പി ജയരാജന്, പി ജയരാജന് ആരോപണം ഉന്നയിച്ചെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
പി ജയരാജന് പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ഉന്നയിച്ചതിനു പിന്നില്‍ പ്രേരണയുണ്ടോ എന്ന ചോദ്യത്തിന് ഇ.പിയുടെ മറുപടി വൈദേഹത്തിന്റെ മുന്‍ എം.ഡി രമേശന് പി ജയരാജനെ പോയി കണ്ടിരുന്നു എന്നാണ്. നിയമപരമായി ഒരു പിടുത്തവും കിട്ടുന്നില്ലെന്ന് വന്നതോടെയാണ് തന്റെ പേര് വലിച്ചിഴച്ചതെന്ന് ഇ.പി പറയുന്നു. സ്ഥാപനം എങ്ങനെയും കിട്ടണമെന്ന അത്യാഗ്രഹം രമേശന് ഉണ്ടായിരുന്നുവെന്നും ഇ.പി പറഞ്ഞു.