Kerala
ഇ.പി ജയരാജനെതിരായ സാമ്പത്തികാരോപണം  സി.പി.എം സംസ്ഥാന നേതൃത്വം നാളെ ചർച്ച ചെയ്യും
Kerala

ഇ.പി ജയരാജനെതിരായ സാമ്പത്തികാരോപണം സി.പി.എം സംസ്ഥാന നേതൃത്വം നാളെ ചർച്ച ചെയ്യും

Web Desk
|
29 Dec 2022 1:03 AM GMT

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും അന്വേഷണ കാര്യത്തിൽ സി.പി.എം തീരുമാനം ഉണ്ടാകുക

തിരുവനന്തപുരം: ഇ.പി ജയരാജൻ വിവാദം കത്തിനിൽക്കെ സി.പി.എമ്മിന്‍റെ നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ ചേരും. പി ജയരാജന്‍റെ ആരോപണത്തിൽ അന്വേഷണം വേണമോ എന്ന കാര്യത്തിൽ സെക്രട്ടറിയേറ്റ് ആകും തീരുമാനമെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും അന്വേഷണ കാര്യത്തിൽ സി.പി.എം തീരുമാനം ഉണ്ടാകുക.

ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ച് കണ്ണൂരിൽ ആയുർവേദ റിസോർട്ട് തുടങ്ങി എന്നാണ് പി ജയരാജൻ കഴിഞ്ഞാഴ്ച സംസ്ഥാന കമ്മിറ്റിയിൽ ആരോപിച്ചത്. ആരോപണം എഴുതി നൽകിയാൽ പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കുകയും ചെയ്തു. സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ആരോപണത്തിൽ അന്വേഷണം വേണമോ എന്ന കാര്യത്തിൽ ആകും നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുക.

അന്വേഷണ കാര്യത്തിൽ സംസ്ഥാന നേതൃത്വം നിലപാടെടുക്കട്ടെ എന്നാണ് കേന്ദ്രനേതൃത്വം പറഞ്ഞിട്ടുള്ളത്. തെറ്റ് തിരുത്തൽ രേഖയുമായി മുന്നോട്ടു പോകാൻ അനുമതി നൽകിയ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്നുണ്ട്. നിലവിൽ പ്രതിപക്ഷം തന്നെ ആയുധമാക്കിയ പി ജയരാജന്‍റെ ആരോപണത്തിൽ ഏതുതരത്തിലുള്ള അന്വേഷണം ഉണ്ടാകുമെന്ന ആകാംക്ഷയാണ് ഉയരുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനായി ഇ.പി ജയരാജൻ എത്തും. വിവാദങ്ങളോട് പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരിക്കുന്ന ഇ.പി ജയരാജൻ തന്‍റെ നിലപാട് പാർട്ടിക്കു മുന്നിൽ വിശദീകരിക്കും. ഇ.പിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മാത്രമേ അന്വേഷണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി.പി.എം എത്തിച്ചേരൂ.

Related Tags :
Similar Posts